വില്ലേജ് ഓഫീസിനു മുന്നിലെ വെള്ളക്കെട്ട് ദുരിതമാകുന്നു
1301371
Friday, June 9, 2023 10:53 PM IST
ഇടവെട്ടി: കാരിക്കോട് വില്ലേജിനു മുന്നിലെ വെള്ളക്കെട്ട് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും ദുരിതമാകുന്നു. ഇടവെട്ടിച്ചിറയ്ക്കു സമീപമാണ് വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ഓഫീസിലേക്കുള്ള പ്രവേശന കവാടത്തിന്റെ രണ്ടു വശങ്ങളിലും റോഡ് തകർന്നു വെള്ളക്കെട്ട് രൂപപ്പെട്ട നിലയിലാണ്. മഴ പെയ്താൽ ഇവിടെ എത്തുന്നവർ ചെളിവെള്ളത്തിൽ ചവിട്ടി വേണം ഉള്ളിലേക്ക് കയറാൻ.
ദിനംപ്രതി പ്രായമായവരടക്കം നൂറുകണക്കിന് പേരാണ് വില്ലേജ്് ഓഫീസിലെത്തുന്നത്. ഇടവെട്ടി പഞ്ചായത്തിൽനിന്നു തൊടുപുഴ നഗരസഭയിൽനിന്നും ഇവിടേക്ക് ആളുകൾ എത്താറുണ്ട്. വില്ലേജ് ഓഫീസിനു മുന്നിൽ റോഡ് നിർമാണത്തിലെ അപാകത മൂലമാണ് വെള്ളക്കെട്ട് പതിവായത്.
വെള്ളം ഒഴുകിപ്പോകാതെ ഇവിടെ കെട്ടിക്കിടക്കുന്നതിനാൽ റോഡും തകർന്നു.
പഞ്ചായത്തിന് കീഴിൽ വരുന്ന ഈ റോഡിൽതന്നെ ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ഇതിനു സമീപത്താണ്. നേരത്തേ ഇതിനു സമീപത്ത് പൈപ്പ് പൊട്ടി വെള്ളമൊഴുകിയാണ് ഇവിടെ കുഴികൾ രൂപപ്പെട്ടത്.
അതേസമയം, റോഡ് നവീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും കഴിഞ്ഞ ദിവസം എസ്റ്റിമേറ്റ് എടുത്തതായും പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് പറഞ്ഞു. ഇവിടെ ടൈൽ പാകാനാണ് പദ്ധതിയെന്നും എത്രയും വേഗം ജോലി നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.