ഭൂപ്രശ്നങ്ങൾ സംബന്ധിച്ച കേസുകൾ ചുവപ്പുനാടയിൽ ഉറങ്ങുന്നു
1301088
Thursday, June 8, 2023 10:55 PM IST
ഉപ്പുതറ: നിർത്തലാക്കിയ ലാൻഡ് ട്രിബൂണലുകളിൽനിന്ന് താലൂക്ക് ഓഫീസുകളിലേക്കു കൈമാറിയ കേസുകളിൽ അന്തിമ തീരുമാനം വൈകുന്നു. പട്ടയം, ഉടമസ്ഥവകാശം, വസ്തു അവകാശ തർക്കങ്ങൾ തുടങ്ങി സാധാരണക്കാരുടെ കേസുകളാണ് താലൂക്ക് ഓഫീസിലെ ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുന്നത്.
ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വന്നതു മുതലുള്ള പട്ടയം, ഭൂമി സംബന്ധമായ തർക്കങ്ങൾ എന്നിവ പരിഹരിക്കാനാണ് ലാൻഡ് ട്രിബൂണലുകൾ സ്ഥാപിച്ചത്. എന്നാൽ, 2019 ഫെബ്രുവരിയിൽ ഈ ട്രിബൂണലുകൾ സർക്കാർ നിർത്തലാക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്
അർധ ജുഡീഷറി പദവിയുളള 34 ട്രിബൂണലുകളാണ് സർക്കാർ നിർത്തലാക്കിയത്. ഓരോ ഓഫീസുകളിലും എഴുനൂറോളം കേസുകൾ നിലനിൽക്കെയാണ് ട്രിബൂണലുകൾ നിർത്തിയത്. ഈ കേസുകൾ അതത് താലൂക്കുകളിലെ തഹസിൽദാർമാർ തീർപ്പാക്കണം എന്നായിരുന്നു തീരുമാനം.
ട്രിബൂണലുകളിലെ ജീവനക്കാരെ വിവിധ റവന്യു ഓഫീസുകളിലേക്ക് വിന്യസിക്കുകയും ചെയ്തു.
എല്ലാ ദിവസവും കേസ് പരിഗണിക്കുന്ന ജുഡീഷൽ പദവിയുള്ള സ്ഥാപനമായിരുന്നു ലാൻഡ് ട്രിബൂണൽ. എന്നിട്ടും കേസുകൾ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടായിരുന്നു. അതിനിടെയാണ് വലിയ ജോലിഭാരമുള്ള താലൂക്ക് ഓഫീസുകളിലേക്ക് ട്രിബൂണലിലെ കേസുകൾ എത്തിയത്. ഇതു വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
തഹസിൽദാർമാർക്ക് ലാൻഡ് റിഫോംസ് ആക്ടിലുള്ള പരിജ്ഞാനക്കുറവും ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള വിമുഖതയും നടപടികൾ വൈകാൻ ഇടയാക്കുകയാണ്.
ഇത് ഇടുക്കി ജില്ലയിലെ സാധാരണക്കാരെയാണ് ഏറ്റവുമധികം ബാധിച്ചത്. ലാൻഡ് റിഫോംസ് ആക്ടിൽ മതിയായ പരിജ്ഞാനം നൽകി ഇതിനു മാത്രമായി ഒരുദ്യോഗസ്ഥന് ചുമതല നൽകി കാര്യക്ഷമമാക്കിയാൽ മാത്രമേ കർഷകർക്ക് പ്രയോജപ്പെടുകയുള്ളൂ.