രാത്രിയും പകലും ആനഭീതി; ഉറക്കമില്ലാതെ ഒരു നാട്
1300109
Sunday, June 4, 2023 11:11 PM IST
രാജകുമാരി: ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കോഴിപ്പനക്കുടി ആദിവാസിക്കുടിയിൽ കാട്ടാനശല്യം രൂക്ഷം. അസൗകര്യങ്ങൾ ഏറെയുള്ള പ്രദേശത്തു പകലും രാത്രിയും ഭേദമില്ലാതെ കാട്ടാനക്കൂട്ടങ്ങൾ എത്തി കുടിനിവാസികളുടെ സ്വൈരജീവിതം തകർക്കുകയാണ്.
അഞ്ചു മാസം മുമ്പ് കോഴിപ്പനകുടിക്കു സമീപം പന്നിയാർ എസ്റ്റേറ്റിന്റെ ഭാഗത്തു വനംവാച്ചർ ശക്തിവേലിന്റെ ജീവൻ കാട്ടാനയെടുത്തിരുന്നു. 15 വീടുകളാണ് കുടിയിൽ ഉള്ളത്. ഇതിൽ 12 വീടുകൾ കോൺക്രീറ്റും മൂന്നു വീടുകൾ മൺഭിത്തികൊണ്ട് നിർമിച്ചവയുമാണ്. കുടിയിലെ കാണിയായ അയ്യപ്പനും അടച്ചുറപ്പുള്ള വീട് ലഭിച്ചിട്ടില്ല.
കുടിവെള്ളവുമില്ല
ആനയിറങ്കൽ ഡാമിന്റെ സമീപമുള്ള വനത്തിലെ ഈ ആദിവാസി കുടിയിൽ കുടിവെള്ളവും കിട്ടാക്കനിയാണ്. ഡാമിൽനിന്നുള്ള വെള്ളമാണ് കാട്ടാനകൾ അടക്കമുള്ള കാട്ടുമൃഗങ്ങളും കുടി നിവാസികളും ഉപയോഗിക്കുന്നത്. മുമ്പുണ്ടായിരുന്ന കുടിവെള്ള പദ്ധതി നിലച്ചുപോയതായി കുടി നിവാസികൾ പറയുന്നു. ഇപ്പോൾ കുടിയുടെ അടുത്തുള്ള ഒരു ഏലത്തോട്ടം ഉടമയുടെ കിണറിൽനിന്നാണ് ഇവിടുത്തെ വീട്ടുകാർക്കു കുടിവെള്ളം ലഭിക്കുന്നത്.
കുടിവെള്ളം ശേഖരിക്കാൻ പോകുമ്പോൾ ആനയുടെ മുന്പിൽപ്പെട്ട സംഭവവും ഇവർക്കുണ്ട്. മറ്റു പ്രദേശങ്ങളിലും കാട്ടാനകൾ ഉണ്ടെങ്കിലും ചിന്നക്കനാൽ മേഖലയിലെ കാട്ടാനകൾ കൂടുതൽ ആക്രമണ സ്വഭാവം ഉള്ളവയാണെന്ന് ഇവർ പറയുന്നു.
അരിക്കൊന്പൻ പോയിട്ടും
അരിക്കൊമ്പൻ എന്ന കാട്ടാനയെ ഈ പ്രദേശത്തുനിന്നു മാറ്റിയെങ്കിലും ഇവിടുള്ള മറ്റ് ഒറ്റയാന്മാരുടെ ഭീഷണി ഇപ്പോഴും തുടരുകയാണ്. ആനകളെ തെല്ലും ഭയമില്ലാതിരുന്ന ശക്തിവേലിന്റെ ധൈര്യത്തിലാണ് കുടിനിവാസികളായ കുട്ടികൾ മുന്പ് സ്കൂളിൽപോലും പോയിരുന്നത്. ശക്തിയുടെ മരണത്തിനു ശേഷം കുട്ടികളെ സ്കൂളിൽ പറഞ്ഞയയ്ക്കാൻ ഭയന്നിരിക്കുകയാണ് ഇവർ. കാട്ടാന ഭീഷണിയെത്തുടർന്നു പുതിയ അധ്യായന വർഷത്തിൽ ഇവിടെയുള്ള കുട്ടികളെ മൂന്നാറിലെ സ്കൂളിലെ ഹോസ്റ്റലിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്.
ദുർബല കുടിലുകൾ
രാത്രിയിലും പകലും ആനകൾ ഇറങ്ങുന്നതുകൊണ്ട് ഇവിടെയുള്ള ചില കോൺക്രീറ്റ് കെട്ടിടങ്ങൾക്കു മുകളിൽ താത്കാലിക കുടിൽ നിർമിച്ചാണ് പലരും വന്യമൃഗ ആക്രമണങ്ങളിൽനിന്നു താത്കാലിക രക്ഷ നേടുന്നത്. കമ്പുകൾ കെട്ടി ഉണ്ടാക്കിയ കോണിയിലൂടെയാണ് ഇവർ പ്രാണരക്ഷാർഥം കെട്ടിടത്തിനു മുകളിലേക്കു കയറുന്നത്. ഇതും വലിയ അപകടമാണ്.
ആനയിറങ്കൽ ഡാമിൽനിന്നു രണ്ടു കിലോമീറ്ററോളം തേയിലത്തോട്ടത്തിലൂടെയും വനത്തിലൂടെയും യാത്ര ചെയ്തു വേണം ഈ കുടിയിൽ എത്താൻ. ആടുവിളന്താൻ കുടി, ടാങ്ക് കുടി, ചെമ്പകത്തൊഴുക്കുടി, പച്ചപ്പുൽക്കുടി എന്നിവയാണ് ഇവിടെയുള്ള മറ്റ് ആദിവാസിക്കുടികൾ. കുടിവെള്ള സൗകര്യം ഒരുക്കണമെന്നും വന്യമൃഗശല്യത്തിൽനിന്നു രക്ഷപ്പെടുത്താൻ വാച്ചർമാരെ നിയമിക്കണമെന്നുമാണ് കുടി നിവാസികളുടെ ആവശ്യം.