ഇടുക്കി രൂപത നോന്പുകാല തീർഥാടനം എഴുകുംവയലിലേക്ക്
1281854
Tuesday, March 28, 2023 10:53 PM IST
കട്ടപ്പന: വലിയ നോന്പിനോടനുബന്ധിച്ച് 31നു എഴുകുംവയൽ കുരിശുമലയിലേക്ക് രൂപതാതല തീർഥാടനം നടത്തും. നോന്പിന്റെ അവസാനത്തെ പ്രധാന ദിവസങ്ങളിലേക്ക് പ്രവേശിക്കുന്ന നാല്പതാം വെള്ളിയാഴ്ച രാവിലെ അഞ്ചിന് പാണ്ടിപ്പാറ സെന്റ് ജോസഫ് തീർഥാടന ദൈവാലയത്തിൽനിന്ന് രൂപതാധ്യക്ഷൻ മാർ ജോണ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ കാൽനട തീർഥാടനം ആരംഭിക്കും. നൂറുകണക്കിനു വിശ്വാസികൾ കാൽനടയാത്രയിൽ സംബന്ധിക്കും.
തങ്കമണി, കാമാക്ഷി, നാലുമുക്ക്, ശാന്തിഗ്രാം വഴി തീർഥാടകസംഘം എട്ടിന് ഇരട്ടയാറ്റിൽ എത്തും. ഇരട്ടയാർ, വെള്ളയാംകുടി ഫൊറോനകളിൽനിന്നുള്ള തീർഥാടകരും രൂപതയുടെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള തീർഥാടകരും ഒന്നിച്ച് 8.30നു ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽനിന്നു തീർഥാടനത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കും. ഇരട്ടയാർ നോർത്ത്, വെട്ടിക്കാമറ്റം, ഈട്ടിത്തോപ്പ് കവല വഴി 10നു തീർഥാടകസംഘം എഴുകുംവയൽ മലയടിവാര ചാപ്പലിൽ എത്തും.
തുടർന്ന് രൂപതയുടെ വിവിധ ഇടവകകളിൽനിന്നു എത്തുന്ന ആയിരക്കണക്കിനു തീർഥാടകർ രൂപതാധ്യക്ഷനൊപ്പം പ്രാർഥനാപൂർവം കുരിശുമല കയറും. തീർഥാടനം മലമുകളിൽ എത്തുന്പോൾ മാർ ജോണ് നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നേർച്ച വിതരണവും നടക്കും.
മാർച്ച് 31 തീർഥാടനദിനമായി രൂപത പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം മുഴുവൻ ആളുകൾക്കും മലമുകളിലേക്ക് തീർഥാടനം നടത്തി പ്രാർഥിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തീർഥാടകരെ സ്വീകരിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് എഴുകുംവയലിൽ നടത്തുന്നതെന്നു മോണ്. ജോസ് പ്ലാച്ചിക്കൽ, ഫാ. ജോർജ് പാട്ടത്തെക്കുഴി, ഫാ. ജിൻസ് കാരയ്ക്കാട്ട്, ജോർജ് കോയിക്കൽ, ജോണി പുതിയാപറന്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.