കുട്ടിക്കാനത്ത് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം വിലസുന്നു
1280534
Friday, March 24, 2023 10:37 PM IST
ഉപ്പുതറ: കുട്ടിക്കാനത്ത് ജനവാസമേഖലയിൽ ഒരു മാസമായി തുടരുന്ന കാട്ടാനശല്യത്തിന് ഇനിയും പരിഹാരമില്ല. പ്രദേശത്ത് മുപ്പതോളം കുടുംബങ്ങൾ ഭയന്നുവിറച്ചാണ് കഴിയുന്നത്. ഇന്നലെ പുലർച്ചെയും കുട്ടിക്കാനം നാലുസെന്റ് കോളനിയിൽ ആനയിറങ്ങി നാശം വിതച്ചു.
ആളുകൾ കൂട്ടമായി താമസിക്കുന്ന സ്ഥലത്താണ് കാട്ടാന ആക്രമണം നടത്തുന്നത്. വീടിന്റെ മുറ്റത്തു വരെ ആനക്കൂട്ടം എത്തി നിലയുറപ്പിക്കുന്നതിനാൽ ജനങ്ങൾ ഭയാശങ്കയോടെയാണ് കഴിയുന്നത്. നാലു വലിയ ആനയും കുട്ടിയാനയുമുൾപ്പെടുന്ന സംഘമാണ് നാട്ടിലിറങ്ങി ഭീഷണി സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം പീരുമേട് സർക്കാർ അതിഥി മന്ദിരത്തിനു സമീപം കാട്ടാന ഇറങ്ങി ദേഹണ്ഡങ്ങൾ നശിപ്പിച്ചിരുന്നു. ഇന്നലെ പുലർച്ചെ കുട്ടിക്കാനം ത്രിശങ്കുവിലെ നാലുസെന്റ് കോളനിയിൽ താമസിക്കുന്ന രാധാ ബിജുവിന്റെ കൃഷിയിടത്തിലെത്തി കൃഷി നശിപ്പിച്ചു. നേരം പുലർന്നിട്ടും ണ്ടഇവിടെ നിലയുറപ്പിച്ച ആനക്കൂട്ടത്തെ നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റുമാണ് തുരത്തിയത്.