അടിമാലി-കുമളി ദേശീയപാത: 350.75 കോടി അനുവദിച്ചതായി എംപി
1280231
Thursday, March 23, 2023 10:41 PM IST
തൊടുപുഴ: അടിമാലി-കുമളി ദേശീയപാത ആധുനിക രീതിയിൽ നവീകരിക്കുന്നതിന് സ്ഥലമേറ്റെടുക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 350.75 കോടി അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. ടു-ലൈൻ പേവ്ഡ് ഷോൾഡർ നിർമാണ പ്രവർത്തനങ്ങൾക്കും വിപുലീകരണത്തിനുമായി ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് മൂവാറ്റുപുഴ ദേശീയപാത വിഭാഗം നേരത്തെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. അംഗീകാരം ലഭിക്കുന്നതിന് താമസം നേരിട്ടപ്പോൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി എംപി ചർച്ച നടത്തിയിരുന്നു. എൻഎച്ച്-183നെയും എൻഎച്ച്-85നെയും തമ്മിൽ ബന്ധിപ്പിക്കുന്നതും കട്ടപ്പന, ചെറുതോണി പട്ടണങ്ങളിലൂടെ കടന്നുപോകുന്നതുമായ ദേശീയപാത 185-ലുള്ള ചെറുതോണി പാലം നിർമാണം പൂർത്തിയായിവരികയാണ്.
തീർഥാടനകേന്ദ്രമായ ശബരിമലയുടെ കവാടമായ കുമളിയെയും വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ കവാടമായ അടിമാലിയെയും വാണിജ്യകേന്ദ്രമായ കട്ടപ്പനയെയും ജില്ലാ ആസ്ഥാനമായ ചെറുതോണിയെയും ബന്ധിപ്പിക്കുന്ന എൻഎച്ച് 185-ന്റെ വികസനം ജില്ലയിലെ ജനങ്ങൾ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് എംപി പറഞ്ഞു.