ഹോട്ടൽ ജീവനക്കാർക്കു ഹെൽത്ത് കാർഡ്: നടപടി പുരോഗമിക്കുന്നു
1265123
Sunday, February 5, 2023 10:06 PM IST
തൊടുപുഴ: ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ് എടുക്കൽ നടപടികൾ ജില്ലയിൽ പുരോഗമിക്കുന്നു. ഇന്നലെ വരെ ജില്ലയിൽ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തതായാണു കണക്കുകൾ.
ഇവർക്കു ഹെൽത്ത് കാർഡ് എടുക്കുന്നതിനു 14 വരെയാണു ഭക്ഷ്യസുരക്ഷാവകുപ്പ് നൽകിയിരിക്കുന്ന സമയം. കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് നല്ല തിരക്കായിരുന്നു. ജീവനക്കാർക്കു ഹെൽത്ത് കാർഡ് ലഭ്യമാക്കാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നാലിടങ്ങളിൽ ക്യാന്പ് നടത്തിയിരുന്നു. ഇന്നലെ തൊടുപുഴയിൽ സംഘടിപ്പിച്ച ക്യാന്പിലും കാർഡ് എടുക്കുന്നതിനായി ഒട്ടേറെ പേരെത്തി.
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ 15നു ശേഷം സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കാനാണു തീരുമാനം. ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പിക്കുന്നത് ഉൾപ്പെടെ കർശന നടപടിയെടുക്കാനാണു നിർദേശം. ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധന നടത്തും. അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്ത് തൊഴിൽവകുപ്പിന്റെ നേതൃത്വത്തിലും പരിശോധനയുണ്ടാകും.
ജില്ലയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസുള്ള 776 ഭക്ഷ്യവിതരണ സ്ഥാപനങ്ങളുണ്ടെന്നാണു കണക്ക്. 12 ലക്ഷം രൂപയിലധികം വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് ലൈസൻസ് നൽകുന്നത്. ഇതിൽ കുറവ് വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കു രജിസ്ട്രേഷൻ മതി. അത്തരം 4,577 സ്ഥാപനങ്ങളാണുള്ളത്. ഈ സ്ഥാപനങ്ങളിലായി അതിഥിത്തൊഴിലാളികളടക്കം എത്ര ജീവനക്കാരുണ്ടെന്ന കൃത്യമായ കണക്ക് അധികൃതരുടെ പക്കലില്ല.
തൊഴിലാളികൾക്കു പകർച്ചവ്യാധികൾ ഇല്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകളാണ് പ്രധാനമായും നടത്തേണ്ടത്. ത്വക്ക് രോഗങ്ങളില്ലെന്നും ഉറപ്പുവരുത്തണം. നേത്രപരിശോധനയും നടത്തണം. ഇത്തരത്തിൽ പരിശോധനകൾ നടത്തി ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഒരാൾക്ക് 600 മുതൽ 1,000 രൂപ വരെ ചെലവ് വരുന്നുണ്ടെന്നു ഹോട്ടലുടമകൾ പറയുന്നു. ഒരു സ്ഥാപനത്തിൽ ശരാശരി 10 ജീവനക്കാർ വരും. ഹെൽത്ത് കാർഡ് പരിശോധനകൾക്കു മാത്രം പതിനായിരം രൂപയ്ക്കടുത്ത് ചെലവ് വരും.
ഇതിനു പുറമെ ഭക്ഷണ പാഴ്സലുകളിൽ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്റ്റിക്കറുകളോ സ്ലിപ്പുകളോ കഴിഞ്ഞ മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയതി, സമയം, എത്ര സമയത്തിനകം കഴിക്കണം തുടങ്ങിയ വിവരങ്ങൾ സ്റ്റിക്കറിലുണ്ടാകണം.
എന്നാൽ, പാഴ്സൽ നൽകുന്ന പല ഹോട്ടലുകളിലും ഈ നിർദേശം നടപ്പായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.