സ്റ്റേഡിയം നിർമിക്കാൻ ഫണ്ട് അനുവദിക്കണം: പി.ജെ. ജോസഫ്
1264238
Thursday, February 2, 2023 10:18 PM IST
തൊടുപുഴ: ടൗണിൽ സ്റ്റേഡിയം നിർമിക്കാൻ ആവശ്യമായ ഫണ്ട് സംസ്ഥാന ബജറ്റിൽ വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് പി.ജെ.ജോസഫ് എംഎൽഎ മന്ത്രി കെ.എൻ. ബാലഗോപാലിന് നിവേദനം നൽകി.
തൊടുപുഴയിലെ സ്റ്റേഡിയം നിർമാണത്തിന് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 10 കോടിയുടെ ഭരണാനുമതി നൽകിയിരുന്നു. തുടർന്ന് സ്റ്റേഡിയം നിർമാണത്തിന് ആവശ്യമായ സ്ഥലമെടുപ്പ് നടപടികളും ആരംഭിച്ചിരുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 12 ഏക്കർ കല്ലിട്ട് തിരിക്കുന്ന നടപടികൾ വരെ പൂർത്തിയാക്കിയതാണ്.
എന്നാൽ അത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ കോവിഡ് കാലഘട്ടത്തിൽ ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്ന കാരണത്താൽ സ്റ്റേഡിയത്തിന്റെ സ്ഥലമെടുപ്പ് നടപടികളുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല.
ഈ സാഹചര്യത്തിൽ മുന്പ് അനുവദിച്ച നിർമാണ പ്രവർത്തി എന്ന നിലയിൽ അടിയന്തരമായി ഈ വർഷത്തെ ബജറ്റിൽ തുക ഉൾപ്പെടുത്തി സ്റ്റേഡിയമെന്ന തൊടുപുഴക്കാരുടെ സ്വപ്നം എത്രയും വേഗം യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.