നഗരത്തിൽ വൈദ്യുതിമുടക്കം പതിവാകുന്നു; വ്യാപാരികളടക്കം ദുരിതത്തിൽ
1245691
Sunday, December 4, 2022 10:22 PM IST
തൊടുപുഴ: നഗരത്തിൽ വൈദ്യുതി മുടക്കം പതിവാകുന്നു. ദിവസത്തിൽ പല തവണ വൈദ്യുതി തടസപ്പെടുന്ന സ്ഥിതിയാണ് നിലവിൽ. ഇതുമൂലം നഗരത്തിലെ വ്യാപാരികളടക്കം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ചില ദിവസങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി തടസപ്പെടുന്നുണ്ട്.
വൈദ്യുതി മുടക്കം നഗരത്തിലെ ഓഫീസുകളുടെയും വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. സമീപദിവസങ്ങളിലാണ് വൈദ്യുതി തടസം കൂടുതൽ രൂക്ഷമായത്.
അതേ സമയം വൈദ്യുതി തടസപ്പെട്ടതിന്റെ കാരണം അന്വേഷിച്ച് ഓഫീസിൽ വിളിച്ചാൽ ഫോണ് റിംഗ് ചെയ്യുന്നതല്ലാതെ ആരും ഫോണെടുക്കുകയോ കൃത്യമായ മറുപടി നൽകുകയോ ചെയ്യുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ലൈനിൽ പെട്ടെന്നുണ്ടാകുന്ന തകരാറുകളാണ് വൈദ്യുതി തടസപ്പെടാൻ കാരണമെന്നാണ് ബോർഡധികൃതർ പറയുന്നത്. കാരണങ്ങൾ അനവധിയുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന വൈദ്യുതി തടസത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.