തെരുവുനായശല്യത്തിൽ പൊറുതിമുട്ടി സ്കൂൾ അധികൃതരും വിദ്യാർഥികളും
1223920
Friday, September 23, 2022 10:15 PM IST
ചെറുതോണി: തെരുവുനായശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ജില്ലാ ആസ്ഥാന മേഖലയിലെ സ്കൂളധികൃതരും വിദ്യാർഥികളും.
ക്ലാസ് കഴിഞ്ഞ് സ്കൂൾ അടച്ച് ജീവനക്കാർ പോയിക്കഴിഞ്ഞാൽ സ്കൂൾ പരിസരം നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറുകയാണ്. നായ്ക്കൂട്ടം സ്കൂൾ വരാന്തയിൽ വിസർജിച്ചും ചെളിയാക്കിയും വൃത്തികേടാക്കുകയാണ്. പിറ്റേന്ന് രാവിലെയെത്തുന്ന ജീവനക്കാർ വളരെ കഷ്ടപ്പെട്ടാണ് സ്കൂളിലേക്ക് പ്രവേശിക്കാനുള്ള സാഹചര്യം ഒരുക്കുന്നത്. എന്നാൽ എത്ര വൃത്തിയാക്കിയാലും അത് പകൽ മാത്രമേ ഉണ്ടാവുകയുള്ളൂ. പിറ്റേന്ന് പതിവുപോലെ വൃത്തികേടായിരിക്കും. രാവിലെ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കുംനേരേ നായ്ക്കളുടെ ആക്രമണവും പതിവായിരിക്കയാണ്.
ഒട്ടുമിക്ക സ്കൂളുകളിലും പത്രവിതരണക്കാർ പുലർച്ചെ പത്രം സ്കൂൾവരാന്തയിൽ ഇടുന്ന പതിവുണ്ട്. എന്നാൽ വിദ്യാർഥികൾക്ക് നാളുകളായി പത്രം വായിക്കാനുള്ള അവസരം ലഭിക്കാറില്ലെന്നാണ് പരാതി. നായ്ക്കൾ കടിച്ചുകീറി നശിപ്പിച്ച പത്രത്തുണ്ടുകളാണ് സ്കൂൾ പരിസരത്തുനിന്നും ലഭിക്കാറുള്ളത്.
പള്ളികളിലും അമ്പലങ്ങളിലുമെത്തുന്ന വിശ്വാസിസമൂഹത്തിനും തെരുവുനായ്ക്കൾ ദുരിതം സൃഷ്ടിക്കുകയാണ്. ആരാധനാലയങ്ങളുടെ വരാന്തകളും പരിസരവും നായ്ക്കൾ വൃത്തികേടാക്കുന്നതു കൂടാതെ ദേവാലയത്തിനു പുറത്ത് ആളുകൾ അഴിച്ചുവയ്ക്കുന്ന പാദരക്ഷകൾ നായ്ക്കൾ എടുത്തുകൊണ്ടുപോയി നശിപ്പിക്കുന്നതായും വ്യാപക പരാതിയുണ്ട്.
തെരുവുനായ്ക്കളെ വന്ധ്യംകരണത്തിനെന്നപേരിൽ വിവിധ സ്ഥലങ്ങളിൽനിന്നു പിടികൂടി പൈനാവ് വനമേഖലയിൽ തുറന്നുവിടുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി പരിസരം, പൈനാവ് മേഖല, ചെറുതോണി ടൗൺ, വാഴത്തോപ്പിലെ കെ എസ്ഇബിയുടെ ആളൊഴിഞ്ഞ ക്വാർട്ടേഴ്സുകൾ തുടങ്ങിയവയെല്ലാം തെരുവുനായ്ക്കളുടെ പ്രധാന കേന്ദ്രങ്ങളായിരിക്കയാണ്. തദ്ദേശഭരണ വകുപ്പ് അടിയന്തരമായി ഷെൽട്ടർ ഹോം നിർമിച്ച്
അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടികൂടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.