കരീമഠം യുപി സ്കൂൾ തുറക്കാൻ വഴിയാൊരുങ്ങുന്നു; കൂടുതൽ പമ്പുസെറ്റുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനം
1568897
Friday, June 20, 2025 6:53 AM IST
അയ്മനം: വെള്ളപ്പൊക്ക ദുരിതത്താൽ ഈ വർഷം ഇനിയും തുറക്കാൻ കഴിയാത്ത സംസ്ഥാനത്തെ ഏക സ്കൂളാണ് കരീമഠം ഗവൺമെന്റ് വെൽഫയർ യുപി സ്കൂൾ. ‘ഞങ്ങൾക്കും പഠിക്കണം കളക്ടർ സാറേ’ എന്ന ആവശ്യവുമായി പിടിഎയുടെ നേതൃത്വത്തിലാണ് കുട്ടികൾ ഇന്നലെ കളക്ടറേറ്റിലേക്ക് എത്തിയത്.
330 ഏക്കറുള്ള വികെവി പാടത്ത് വിരിപ്പ് കൃഷി ഇറക്കാത്തതാണ് വിദ്യാർഥികൾക്കു വിനയായത്. ഈ പാടത്തിന്റെ പുറംബണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികളും കൃഷിവകുപ്പും പഞ്ചായത്തും റവന്യു വകുപ്പും കർഷകരും സഹകരിച്ച് ജലനിരപ്പ് ക്രമീകരിക്കാൻ നടത്തിയ യോഗം അലങ്കോലപ്പെട്ടതോടെയാണ് കുട്ടികൾ കളക്ടറെ കാണാൻ തീരുമാനിച്ചത്.
ഇതേത്തുടർന്ന് കൃഷിവകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ നേരിട്ടെത്തി പാടശേഖര സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി, പഞ്ചായത്ത് ഭരണ സമിതി, സ്കൂൾ പ്രധാന അധ്യാപിക തുടങ്ങിയവരുമായി ചർച്ച നടത്തി പാടത്തെ ജലനിരപ്പു കുറയ്ക്കാൻ നടപടി എത്രയും പെട്ടെന്നു സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
പഞ്ചായത്ത് എത്തിക്കുന്ന 35 എച്ച്പിയുടെ മൂന്ന് പമ്പുസെറ്റുകളും നിലവിൽ പ്രവർത്തിപ്പിക്കുന്ന രണ്ടു മോട്ടോറുകളും കൂടി പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കാനാണ് തീരുമാനം. പാടത്തിന്റെ പുറംബണ്ടിന്റെ താഴ്ചവീഴ്ചകൾ കർഷകർ പരിഹരിക്കണം.
തീരുമാനങ്ങൾ ജില്ലാ കളക്ടറെ അറിയിച്ചതിനെത്തുടർന്ന് ഒന്നുമുതൽ ഏഴു വരെ 27 കുട്ടികൾ പഠിക്കുന്ന സ്കൂൾ 23ന് തുറന്നു പ്രവർത്തിപ്പിക്കുന്നതിനായി ഇന്നലെ ഉച്ചമുതൽ അലങ്കരിച്ചു തുടങ്ങി.