പ്രളയബാധിതരുടെ വീടുകളുടെ താക്കോൽദാനം 23ന്
1568673
Thursday, June 19, 2025 10:59 PM IST
മുണ്ടക്കയം: തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് കൂട്ടിക്കലിൽ പ്രളയബാധിതർക്ക് നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനം 23ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവഹിക്കുമെന്ന് സേവാഭാരതി കോട്ടയം ജില്ല ജനറൽ സെക്രട്ടറി കെ.ജി. രാജേഷ്, സേവാഭാരതി മുണ്ടക്കയം യൂണിറ്റ് സെക്രട്ടറി സജീവ് പിള്ള എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
23നു രാവിലെ 11ന് കൊടുങ്ങ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രമൈതാനിയിൽ നടക്കുന്ന ചടങ്ങിൽ സേവാഭാരതി ജില്ലാ പ്രസിഡന്റ് രശ്മി ശരത് അധ്യക്ഷത വഹിക്കും. വാഴൂർ തീർഥപാദാശ്രമം മുഖ്യകാര്യദർശി സ്വാമി ഗരുഢധ്വജാനന്ദതീർഥ പാദസ്വാമി മുഖ്യാതിഥിയാവും. ആർഎസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദർശൻ സേവാസന്ദേശം നൽകും. കോട്ടയം ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ്, സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി എന്നിവർ പ്രസംഗിക്കും.
12 വീടുകളാണ് സേവാഭാരതി നിർമിച്ചത്. ഇതിൽ നാല് വീടുകളുടെ താക്കോൽദാനം മുമ്പ് നടന്നിരുന്നു. ശേഷിച്ച എട്ടു വീടുകൾ കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിൽ 50 സെന്റ് സ്ഥലം വാങ്ങിയാണ് നിർമിച്ച് നൽകിയത്. സ്വന്തമായി സ്ഥലമുള്ള നാലു കുടുംബങ്ങളുടെ വീടുകളാണ് നേരത്തേ നിർമിച്ചുനൽകിയത്. സ്ഥലമില്ലാത്ത എട്ട് കുടുംബങ്ങൾക്കാണ് ഇവിടെ വീടുകൾ ഒരുക്കിയിരിക്കുന്നത്.