കൂടല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇനിയെന്നും ശുദ്ധജലം ലഭ്യമാകും
1568650
Thursday, June 19, 2025 6:58 AM IST
കിടങ്ങൂര്‍: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കൂടല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ശുദ്ധജല ക്ഷാമത്തിനു ശാശ്വതപരിഹാരമാകുന്നു. 50 വര്‍ഷത്തോളം പഴക്കമുള്ള ആശുപത്രിയില്‍ ആവശ്യത്തിന് കുടിവെള്ളം എത്തിയിരുന്നത് ആശുപത്രിയില്‍നിന്നു മാറി പാടശേഖരത്തോട് ചേര്‍ന്നുള്ള കിണറ്റില്‍നിന്നായിരുന്നു. വര്‍ഷക്കാലങ്ങളില്‍ പാടശേഖരത്തില്‍ വെള്ളം നിറയുമ്പോള്‍ ചെളിവെള്ളം കിണറ്റിലേക്ക് ഇറങ്ങുകയും തത്ഫലമായി വര്‍ഷക്കാലങ്ങളില്‍ ഈ കിണറ്റില്‍നിന്നു വെള്ളം ശേഖരിക്കുന്നതിന് സാധിക്കാത്ത അവസ്ഥയായിരുന്നു.
സമീപത്തുള്ള കുടിവെള്ള പദ്ധതികളില്‍നിന്നു വെള്ളം ശേഖരിച്ചാണ് വര്‍ഷക്കാലത്ത് ആശുപത്രിയില്‍ കുടിവെള്ളം എത്തിച്ചിരുന്നത്. ഇതിനു പരിഹാരമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ആശുപത്രി വളപ്പിൽതന്നെ സ്ഥാനം നിശ്ചയിച്ച് പുതിയ കിണര്‍ നിര്‍മാണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. അഞ്ച് മീറ്റര്‍ വ്യാസവും 30 അടി താഴ്ചയുമുള്ള കിണറിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കിണര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടല്ലൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ശുദ്ധജല ക്ഷാമത്തിന് ശാശ്വതപരിഹാരം ആകുകയാണ്.
കിണറിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. യോഗത്തില്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ബിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രഫ. ഡോ. മേഴ്സി ജോണ്‍, അശോക് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജി വര്‍ഗീസ്, പ്രദീപ് വലിയപറമ്പില്‍, വര്‍ഗീസ് ഒഴുകയില്‍, പി.കെ. രാജു എന്നിവര്‍ പ്രസംഗിച്ചു.