കുടയംപടിയിലുണ്ട് വഴിയോര വായനശാല
1568428
Wednesday, June 18, 2025 11:30 PM IST
കോട്ടയം: അക്ഷരനഗരിയായ കോട്ടയം നഗരത്തോടു ചേര്‍ന്നുള്ള കുടയംപടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രം വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല. വായനയും വര്‍ത്തമാനവുമായി ഒരു ഒത്തുകൂടല്‍ കേന്ദ്രം കൂടിയാണ് ഈ ബസ്സ്റ്റോപ്പ്. ബസ്സ്റ്റോപ്പിനൊപ്പം വായനായിടം ഒരുക്കിയിരിക്കുകയാണ് കുടയംപടി മൈല്‍സ്റ്റോണ്‍ സ്വയംസഹായ സംഘം.
പ്രധാനപ്പെട്ട എല്ലാ ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ബാലപ്രസിദ്ധീകരണങ്ങളും ഇവിടെയിരുന്ന് വായിക്കാം. പ്രദേശത്തെ ജനപ്രിയ ഡോക്ടറായിരുന്ന ഡോ. കുമാറിന്റെ സ്മരണയ്ക്കായിട്ടാണ് ഒരു വര്‍ഷം മുമ്പ് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്. വായന കുറഞ്ഞുവരുന്ന ഇക്കാലത്ത് വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍തന്നെ സ്വയംസഹായ സംഘം വായനശാല ഒരുക്കിയത്.
വലിയ സ്വീകാര്യതയാണ് ഈ വഴിയോര വായനശാലയ്ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബസ് കാത്തിരിപ്പുകാര്‍ മാത്രമല്ല പ്രഭാത നടപ്പുകാരും വ്യാപാരികളും കാല്‍നടയാത്രക്കാരും ഇവിടെ വായനയ്ക്കായി ഒത്തുകൂടാറുണ്ട്. വായനയെ ഇഷ്ടപ്പെടുന്ന ആര്‍ക്കും പുസ്തകങ്ങള്‍ ഇവിടെ സംഭാവനയായി നല്‍കാം.
ഫോണ്‍ ഉപയോഗം കുറയ്ക്കുക, വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് വായനശാലയുടെ ലക്ഷ്യമെന്ന് സ്വയംസഹായ സംഘം രക്ഷാധികാരി കെ.എന്‍. മണിക്കുട്ടന്, പ്രസിഡന്റ് കെ.എന്‍. സുരേഷ്കുമാര്‍, സെക്രട്ടറി കെ.എസ്. ബിബിന്‍ എന്നിവര്‍ പറഞ്ഞു. കൂടുതല്‍ പുസ്തകൾ ഉള്‍പ്പെടുത്തി വായനശാലയെ ഒരു ലൈബ്രറിയാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.