കാണിക്കവഞ്ചിയുടെ പൂട്ട് തകര്‍ത്ത് മോഷണം
1568374
Wednesday, June 18, 2025 6:48 AM IST
കല്ലറ: പാണ്ഡവര്‍കുളങ്ങര ഭഗവതീ ക്ഷേത്രത്തിന്റെ, കല്ലറ കുരിശുപള്ളി ജംഗ്ഷനോട് ചേര്‍ന്നുള്ള, കാണിക്കവഞ്ചിയുടെ പൂട്ട് തകര്‍ത്ത് മോഷണം. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടത്തിയത്. ദേവസ്വം പ്രസിഡന്റ് ടി.കെ. ചന്ദ്രശേഖരന് നായര്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്കി.
കഴിഞ്ഞ 31 ന് കാണിക്കവഞ്ചി തുറന്ന് പണം ക്ഷേത്രത്തിലേക്ക് എടുത്തിരുന്നതായി ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു. 1500 രൂപയ്ക്കടുത്ത് നഷ്ടപ്പെട്ടിരിക്കാമെന്നാണ് കരുതുന്നതെന്നും അദേഹം പറയുന്നു. സമീപത്ത് ബേക്കറി നടത്തുന്നയാള്‍ ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഗ്രില്ലിന്റെയും കാണിക്കവഞ്ചിയുടെയും പൂട്ടുകള്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കാണിക്കവഞ്ചിയുടെ താഴ് സമീപത്തുള്ള ഓടയില്‍നിന്ന് കണ്ടെത്തി.
ക്ഷേത്ര കമ്മിറ്റിയംഗങ്ങളെത്തി പരിശോധന നടത്തി. കല്ലറ 395-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പാണ്ഡവര്‍കുളങ്ങര ക്ഷേത്രം. കഴിഞ്ഞ പത്തിന് പുലര്‍ച്ചെ കുരിശുപള്ളി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ബേക്കറിയുടെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ പണവും സാധനങ്ങളും കവര്‍ന്നിരുന്നു.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മോഷണശ്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പോലീസിന്റെ രാത്രികാല പരിശോധനകള്‍ ശക്തമാക്കണമെന്ന് പഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെട്ടു.