ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു
1567244
Saturday, June 14, 2025 7:34 AM IST
കാഞ്ഞിരപ്പള്ളി: യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക വിരാജ്പേട്ട ശ്രീമംഗലം ആനന്ദ് സാജന് (വിക്രം-36) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കര്‍ണ്ണാടക- വയനാട് അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2013 ല്‍ മുണ്ടക്കയം പാറത്താനം മാരൂര്‍ ടോം ജോസഫിനെ (25) അരയ്ക്ക് താഴോട്ട് തളര്‍ന്ന എരുമേലി ചരള ആമ്പശേരില്‍ ദീപു ചന്ദ്രനും സഹായി ആനന്ദും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്.
ടോം ജോസഫിന്റെ സ്വര്‍ണവും പണവും മോഷ്ടിക്കുന്നതിനായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ശേഷം മയക്കി ദീപുവിന്റെ കാറില്‍ തമിഴ്നാട്ടിലെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതികളിലൊരാളായ ആനന്ദ് 2016ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയി. തുടര്‍ന്ന് വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷന് പരിധിയില്‍ കാട്ടിക്കുളത്ത് വാടകയ്ക്ക് താമസിച്ച് ബാവലി ബോര്‍ഡര്‍ കടന്ന് കര്‍ണാടകയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
എസ്പി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ കെ.ജി. ശ്യാംകുമാറിന്റെ നിര്‍ദേശ പ്രകാരം എസ്ഐ നജീബ്, സിപിഒ വിമല്‍ ബി. നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.