പോലീസ് എത്തിയത് കേസന്വേഷണത്തിന് മോഷണപദ്ധതി തയാറാക്കവെ ക്രിമിനൽ സംഘം വലയിൽ
1567243
Saturday, June 14, 2025 7:34 AM IST
കറുകച്ചാൽ: മോഷണത്തിനു പദ്ധതി തയാറാക്കുന്നതിനിടെ ക്രിമിനൽ സംഘത്തെ പോലീസ് പിടികൂടി. നെടുംകുന്നം മാന്തുരുത്തി ഭാഗത്തുനിന്നാണ് കറുകച്ചാൽ പോലീസ് മോഷണസംഘത്തെ പിടികൂടിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ എത്തിയപ്പോഴാണ് സംഘത്തെ കണ്ടുമുട്ടുന്നത്.
മാന്തുരുത്തി ആഴാംചിറ എ.കെ. അഖിൽ (25), ചമ്പക്കര കല്ലിങ്കൽ അഭയദേവ് (26), സംക്രാന്തി കണ്ണച്ചാലിൽ ബിന്റോ ബേബി (26), പെരുമ്പായിക്കാട് വട്ടമുകൾ കെ.വി. കെനസ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഏഴിന് മാന്തുരുത്തിയിൽ കാപ്പ പ്രതികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് കറുകച്ചാൽ പോലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേസിലെ മൂന്നാം പ്രതി താമസിക്കുന്ന നെടുംകുന്നം മാന്തുരുത്തി ഭാഗത്തുള്ള വീട്ടിലെത്തിയ പോലീസ് സംഘം വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള നാലുപേരുടെകൂടി സാന്നിധ്യം മനസിലാക്കി അവരെ ചോദ്യം ചെയ്യുകയായിരുന്നു.
പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറഞ്ഞ ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് മോഷണപദ്ധതി പുറത്തുവന്നത്. ഇതിൽ രണ്ടു പ്രതികൾക്കെതിരേ ഭവനഭേദനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ കറുകച്ചാൽ സ്റ്റേഷനിൽത്തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.