ജിമ്മി പടനിലം സെന്ററിന്റെ പുതിയ പുനരധിവാസ കേന്ദ്രം മല്ലപ്പള്ളി ആനിക്കാട്ട് ആരംഭിക്കുന്നു
1567242
Saturday, June 14, 2025 7:34 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ജിമ്മി പടനിലം സെന്ററിന്റെ ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള പുതിയ പുനരധിവാസ കേന്ദ്രം മല്ലപ്പള്ളി ആനിക്കാട്ട് ആരംഭിക്കുന്നു. 18 വയസു കഴിഞ്ഞ ഭിന്നശേഷിക്കാരുടെ താമസം, സമഗ്ര ശക്തീകരണത്തിനുള്ള സ്കില്‍ പാര്‍ക്ക്, ഇവരുടെ മാതാപിതാക്കള്‍ക്ക് ആവശ്യമുള്ള സമയങ്ങളില്‍ താമസിക്കാനുള്ള സൗകര്യം തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കേന്ദ്രമാണ് നിര്‍മിക്കുന്നത്.
പുനരധിവാസകേന്ദ്രത്തിന്റെ ശിലാസ്ഥാപനം 16ന് രാവിലെ 9.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സന്നിഹിതനായിരിക്കും.
മാനസിക ഭിന്നശേഷി മേഖലയിലും വിവിധ സാമൂഹ്യ സേവന, ജീവകാരുണ്യ രംഗങ്ങളിലും ഡോ. ജോര്‍ജ് പടനിലം-മറിയം പടനിലം എന്നിവരുടെ കുടുംബവുമായി ചേര്‍ന്ന് ചങ്ങനാശേരി അതിരൂപത നടത്തിവരുന്ന വിവിധ കര്‍മപദ്ധതികളുടെ ഭാഗമായാണ് പുതിയ പുനരധിവാസ കേന്ദ്രത്തിനു തുടക്കമിടുന്നത്.
ചീരഞ്ചിറ കേന്ദ്രമാക്കി ജിമ്പയര്‍ എന്ന പേരില്‍ ഈ രംഗത്ത് പ്രമുഖമായ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നുണ്ട്.