വെട്ടിക്കാട്ടുമുക്ക് പാലത്തില്‍നിന്നു സ്കൂട്ടര്‍ യാത്രികന് ആറ്റില്‍ ചാടിയതായി സംശയം
1567240
Saturday, June 14, 2025 7:34 AM IST
കടുത്തുരുത്തി: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തില്‍നിന്നു സ്കൂട്ടര്‍ യാത്രികന് ആറ്റില്‍ ചാടിയതായി സംശയം. പോലീസും അഗ്നിരക്ഷാസേനയും പുഴയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടുത്തുരുത്തി മാന്നാര്‍ പൂഴിക്കോല്‍ കരോട്ട് പുത്തന്‍പുരയ്ക്കല്‍ കെ.എന്‍. ബൈജു (56) വിനെ വ്യാഴാഴ്ച വൈകൂന്നേരം മുതല്‍ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ വെട്ടി ക്കാട്ടുമുക്ക് പാലത്തില്‍ ലൈറ്റിട്ട് പാര്‍ക്ക് ചെയ്ത നിലയില്‍ സ്കൂട്ടര്‍ കണ്ടതിനെത്തുടര്‍ന്ന് ഇതുവഴി പോയ ലോറിക്കാരാണ് പോലീസില്‍ വിളിച്ചു വിവരമറിയിച്ചത്. വസ്തു ബ്രോക്കറായ ഇയാള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും ഇയാളുടെ ചെരിപ്പും പാലത്തില്‍നിന്നു ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ആറ്റില്‍ ചാടിയത് ബൈജുവാകാമെന്ന സംശയമുണ്ടായിരിക്കുന്നത്.
വീടും സ്ഥലവും വില്‍ക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് വീട്ടില്‍നിന്നു പോയ ബൈജുവിനെ പിന്നീട് കാണാതാവുകയായിരുന്നു. ഫോണില്‍ വിളിച്ചിട്ടും ഇയാളെ ലഭിച്ചില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വോഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ സഞ്ചരിച്ച സ്കൂട്ടര്‍ വെട്ടിക്കാട്ടുമുക്ക് പാലത്തില്‍ കണ്ടെത്തിയത്.
സുഹൃത്ത് അജിയുടെ സ്കൂട്ടറുമായാണ് ബൈജു പോയത്. തലയോലപ്പറമ്പ്, കടുത്തുരുത്തി പോലീസും അഗ്നിരക്ഷാസേനയും ഇന്നലെ പകല്‍ മുഴുവന്‍ ആറ്റില്‍ തെരച്ചില്‍ നടത്തി. ഇന്നു രാവിലെ തെരച്ചില്‍ പുനരാരംഭിക്കും.