കടുത്തുരുത്തിയില്‍ രണ്ടാമതൊരു ബൈപ്പാസുകൂടി: മോൻസ്
1567237
Saturday, June 14, 2025 7:34 AM IST
കടുത്തുരുത്തി: കോട്ടയം-എറണാകുളം മെയിന്‍ റോഡിനു സമാന്തരമായി നിര്‍മിക്കുന്ന കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡിന്റെ നിർമാണം പൂര്‍ത്തീകരിച്ചാലുടൻ കടുത്തുരുത്തി പട്ടണത്തിന്റെ ഭാവി വികസനത്തിന് ഏറ്റവും സഹായകരമാകുന്ന വിധത്തില്‍ രണ്ടാമതൊരു ബൈപാസ് റോഡുകൂടി ആവിഷ്കരിക്കാന്‍ നടപടിയാരംഭിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ. ഇതിന്റെ ഭാഗമായി വടക്കുംകൂര്‍ ബൈപാസ് റോഡിനുവേണ്ടി പുതിയ അലൈന്മെന്റും രൂപരേഖയും പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം തയാറാക്കി സമര്‍പ്പിച്ചു.
കടുത്തുരുത്തി-പിറവം റോഡില്‍ അലരി ജംഗ്ഷനില്‍ നിന്നാണ് പുതിയ അലൈന്മെന്റനുസരിച്ചു വടക്കുംകൂര്‍ ബൈപാസ് ആരംഭിക്കുന്നത്. കൈലാസപുരം ക്ഷേത്രത്തിനു മുന്‍വശത്ത് എത്തിച്ചേരുന്ന വിധത്തിലാണ് ആദ്യറീച്ച്. പത്തു മീറ്റര്‍ വീതിയിലാണ് ഇപ്പോള്‍ സര്‍വേ നടത്തിയിട്ടുള്ളത്. രണ്ടാമത്തെ റീച്ച് കൈലാസപുരത്തുനിന്ന് ആരംഭിച്ചു കടുത്തുരുത്തി-പാലാ റോഡില്‍ പോലീസ് സ്റ്റേഷന് കഴിഞ്ഞ് തളിയില്‍ ക്ഷേത്രം ജംഗ്ഷന് ഭാഗത്ത് എത്തുന്ന വിധത്തിലാണ്. ഇവിടെ 15 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കാന്‍ സര്‍വേ ചെയ്തിരിക്കുന്നത്. ഇതിനായി വലിയതോടിനു കുറുകെ പാലം നിര്‍മിക്കണം. ഇതിന് ആവശ്യമായി വരുന്ന ഭൂമി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കണം.
മൂന്നാമത്തെ റീച്ച് കടുത്തുരുത്തി ബസ്ബേ വിഭാവനം ചെയ്യുന്ന വലിയതോട് പാലത്തിന്റെ സമീപത്തുനിന്ന് ആരംഭിച്ച് ആപ്പുഴയില്‍ അവസാനിക്കുന്ന തീരദേശ റോഡ് ഏറ്റെടുത്ത് നവീകരിക്കുന്നതിനാണ്. റിവര്‍വ്യൂ റോഡിന്റെ മനോഹാരിതയില്‍ ഭാവിയില്‍ നടപ്പാക്കാന്‍ രൂപകല്പന ചെയ്യുന്ന റീച്ചിനുവേണ്ടി എട്ട് മീറ്റര്‍ വീതിയിലാണ് സര്‍വേ നടത്തിയിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി ആയാംകുടി-ആപ്പുഴ ഭാഗത്തുനിന്ന് ആപ്പാഞ്ചിറ പോളിടെക്നിക് ജംഗ്ഷനിലേക്ക് നിലവിലുള്ള പൊതുമരാമത്ത് റോഡ് ഉന്നതനിലവാരത്തില്‍ നവീകരിച്ചു കടുത്തുരുത്തി വടക്കുംകൂര്‍ ബൈപാസ് പൂര്‍ത്തീകരിക്കാമെന്നാണ് നിര്‍ദേശം.
കടുത്തുരുത്തി-പിറവം റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ബന്ധപ്പെട്ട എല്ലാവരെയും പങ്കെടുപ്പിച്ചുള്ള സര്‍വകക്ഷിയോഗം വിളിക്കുമെന്നും മോന്‍സ് ജോസഫ് അറിയിച്ചു.