വാലാച്ചിറ വിത്തുത്പാദന കേന്ദ്രത്തിലെ ജോലി ക്രമീകരണം : ഉദ്യോഗസ്ഥർക്കെതിരേ തൊഴിലാളികൾ
1567236
Saturday, June 14, 2025 7:23 AM IST
കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വാലാച്ചിറ വിത്തുത്പാദന കേന്ദ്രത്തിലെ തൊഴിലാളികളുടെ ജോലി ക്രമീകരണവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ നിര്‍ദേശങ്ങള്‍ക്കെതിരേ ഫാമിലെ തൊഴിലാളി സംഘടനകള്‍ രംഗത്ത്. ഫാം വര്‍ക്കേഴ്സ് യൂണിയനുകളായ എഐടിയുസി, സിഐടിയു എന്നീ സംഘടനകളാണ് ഫാമിലെ ഉദ്യോഗസ്ഥരുടെ തൊഴിലാളിവിരുദ്ധ നിലപാടിനെതിരേ രംഗത്തെത്തിയത്.
ഫാമില്‍ ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച രണ്ടു സ്ത്രീ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിലൊരാള്‍ കടുത്തുരുത്തി സഹകരണ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു. വെള്ളം നിറഞ്ഞ പാടത്ത് ജോലി ചെയ്തതിനെത്തുടർന്നാണ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നു തൊഴിലാളി യൂണിയന് നേതാക്കളായ കെ.കെ. തങ്കപ്പനും എം. സദാനന്ദ ശങ്കറും ആരോപിച്ചു. ഫാമിലെ തൊഴിലാളികള്‍ ജോലിഭാരം കാരണം മാനസിക സമ്മര്‍ദത്തിലാണെന്നും ഇവര്‍ പറയുന്നു. ഇതിനെതിരേ ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഇരുവരും വ്യക്തമാക്കി.
തൊഴിലാളികളോട് ജോലിക്കായി നിര്‍ദേശിച്ച സ്ഥലത്തിനു പകരം വേറേ സ്ഥലത്താണ് വ്യാഴാഴ്ച ഇവര്‍ ജോലിക്കിറങ്ങിയതെന്ന് ഫാം സൂപ്രണ്ട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന് തൊഴിലാളികളോട് വിശദീകരണം ചോദിച്ചിരുന്നു.
ഫാമിന്റെ മികച്ച പ്രവര്‍ത്തനത്തിനൊപ്പം തൊഴിലാളികളുടെ സുരക്ഷയും പ്രധാനമാണ്. അതിനെതിരായ നടപടി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. നെല്കൃഷിയിലടക്കം മികച്ച നേട്ടത്തില്‍ പ്രവർത്തിക്കുന്ന ഫാമിനെ വിലകുറച്ചു കാണിക്കാനേ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കൂവെന്നും സൂപ്രണ്ട് പറഞ്ഞു.