അകലക്കുന്നത്ത് ഓപ്പറേഷന് മൂഷിക
1567233
Saturday, June 14, 2025 7:23 AM IST
അകലക്കുന്നം: എലിപ്പനിക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനമായ ഓപ്പറേഷന് മൂഷികയ്ക്ക് അകലക്കുന്നം പഞ്ചായത്തില്‍ തുടക്കമായി. രണ്ട് എലിപ്പനി കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാലിന്യനിര്‍മാര്‍ജനം ഉള്‍പ്പെടെ എലികള്‍ വളര്‍ന്നു പെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിനുള്ള വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് പ്രസിഡന്റ് സിന്ധു അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു.
ദേശീയതൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്ക് മുണ്ടന്‍കുന്ന് കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.ആര്. ബിജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ നവരംഗ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിരാം എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്കരണക്ലാസും പ്രതിരോധഗുളികയായ ഡോക്സി സൈക്ലിന്‍ ഗുളികകളുടെ വിതരണവും നടന്നു.
മണ്ണിലും വെള്ളത്തിലും പണിയെടുക്കുന്ന എല്ലാവരും നിര്‍ബന്ധമായും പ്രതിരോധഗുളികകള്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. വിമി ഇക്ബാല്‍ നിര്‍ദേശിച്ചു.