ഒരു രൂപയ്ക്ക് കുടിവെള്ളവുമായി വാഴൂർ ബ്ലോക്ക്പഞ്ചായത്ത്
1567232
Saturday, June 14, 2025 7:23 AM IST
കോട്ടയം: ലിറ്ററിന് ഒരു രൂപ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാൻ വാട്ടര്‍ എടിഎം സജ്ജമാക്കി വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറുലക്ഷം രൂപ ചെലവിട്ടാണ് മൂന്ന് വാട്ടര്‍ എടിഎം സ്ഥാപിച്ചത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, കറുകച്ചാലിലെയും ഇടയിരിക്കപ്പുഴയിലെയും കുടുംബാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് എടിഎം സ്ഥാപിച്ചത്.
ഒരു രൂപ നാണയമിട്ട് സ്വിച്ച് അമര്‍ത്തിയാൽ ഒരുലിറ്റര്‍ പച്ചവെള്ളമോ തണുത്ത വെള്ളമോ ചൂടുവെള്ളമോ ലഭിക്കും. അഞ്ചുരൂപ നിക്ഷേപിച്ചാല്‍ അഞ്ചുലിറ്റര്‍ കുടിവെള്ളം ലഭിക്കും. ആര്‍ഒ പ്ലസ് യുവി ഫില്‍റ്റര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന വെള്ളമാണ് നല്‍കുന്നത്. യുപിഐ പേമെന്റ്, ക്യുആര്‍ കോഡ് വഴിയും പണമടയ്ക്കാം.
150 ലിറ്റര്‍ കപ്പാസിറ്റിയുള്ള വാട്ടര്‍ എടിഎം ആണ് ഓരോ ആശുപത്രിയിലും സ്ഥാപിച്ചിട്ടുള്ളത്. ആശുപത്രിയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ശുദ്ധജലം ലഭിക്കുന്നതിനാണ് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്.
ജില്ലയില്‍ ആദ്യമായാണ് ആശുപത്രികളില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചിരിക്കുന്നതെന്ന് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി പറഞ്ഞു.