ഷാഫ്റ്റ് ഒടിഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിന് ജലഗതാഗതവകുപ്പ് രക്ഷകരായി
1567230
Saturday, June 14, 2025 7:23 AM IST
മുഹമ്മ: മങ്കൊമ്പിൽനിന്നു വടുതല ഡോക്കിലേക്ക് പോയ സ്വകാര്യ ബോട്ട് ഷാഫ്റ്റ് ഒടിഞ്ഞ് തകരാറിലായി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ കായലിൽ ഒഴുകി നടന്ന ബോട്ടിനെയും ജീവനക്കാരെയും ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ മുഹമ്മ ജെട്ടിയിൽ എത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് മണ്ണഞ്ചേരിക്ക് സമീപം കായലിന്റെ മധ്യഭാഗത്തായാണ് സംഭവം.
സ്വകാര്യബോട്ടിൽ ബോട്ട് സ്രാങ്ക് സന്തോഷ് കുമാർ, ബോട്ട് ഉടമ ജെയ്മോൻ, മത്തായി പുന്നമട എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഒഴുകി നടന്ന ബോട്ടിലെ ജീവനക്കാർ മുഹമ്മ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് പോലീസും മുഹമ്മ സ്റ്റേഷനിലെ റെസ്ക്യൂ ബോട്ടും എത്തിയത്.
റെസ്ക്യൂ ജീവനക്കാരായ ബോട്ട് സ്രാങ്ക് സൂരജ്, ബോട്ട് ലാസ്കർ ഷജാസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നത്. മുഹമ്മ ജെട്ടിയിലെത്തിച്ച ബോട്ട് മറ്റൊരു സ്വകാര്യബോട്ടിന്റെ സഹായത്തോടെ വടുതല യാർഡിലേക്ക് കൊണ്ടുപോയി.