മെഡി. കോളജിലെ രോഗികൾക്ക് ബെഡ്ഷീറ്റും പുതപ്പും വിതരണംചെയ്ത് നവജീവൻ
1567228
Saturday, June 14, 2025 7:23 AM IST
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നവജീവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ബെഡ്ഷീറ്റുകളും പുതപ്പുകളും വിതരണം ചെയ്തു. മഴയെത്തുടര്‍ന്നു രോഗികളുടെയും കൂട്ടിരി പ്പുകാരുടെയും അവസ്ഥ മനസിലാക്കിയാണ് നവജീവന്‍ ട്രസ്റ്റ് വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സ്നേഹപുതപ്പുകള് നല്‍കിയത്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുമ്പിലും തീവ്രപരിചരണ വിഭാഗത്തിനു മുമ്പിലും കാന്‍സര്‍ വാര്ഡിലുമടക്കം കൂട്ടിരിപ്പുകാര്ക്കാണു പ്രധാനമായും സ്നേഹപുതപ്പു നല്‍കിയത്.
കഴിഞ്ഞ ദിവസം 200ലധികം പേര്‍ക്ക് സഹായം നല്കി. വരും ദിവസങ്ങളില്‍ മറ്റു വാര്‍ഡുകളിലും സ്നേഹപ്പുതപ്പുകള് നല്‍കുമെന്ന് നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് പറഞ്ഞു. സ്നേഹപുതുപ്പുകളുടെ വിതരണോദ്ഘാടനം കാന്‍സര്‍ വിഭാഗം മേധാവി ഡോ. സുരേഷ് കുമാര്‍ നിര്‍വഹിച്ചു.