ഗാന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി നേ​ത്ര വി​ഭാ​ഗ​ത്തി​ലെ ലേ​സ​ർ മെഷീൻ ത​ക​രാ​റി​ലാ​യി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​കു​ന്നു. രോ​ഗി​ക​ൾ ചി​കി​ത്സ കി​ട്ടാ​തെ പ്രതിസന്ധിയിൽ. ഇ​വി​ട​ത്തെ ഒ​സി​ടി മെഷീന്‍റെ പ്ര​വ​ർ​ത്ത​ന​വും കാ​ര്യ​ക്ഷ​മ​മ​ല്ല.

നേ​ത്ര​സം​ബ​ന്ധ​മാ​യ രോ​ഗം ബാ​ധി​ച്ച​വ​ർ​ക്ക് ലേ​സ​ർ ചി​കി​ത്സ​യി​ലു​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്താം. രോ​ഗത്തിന​നു​സ​രി​ച്ച് വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ലേ​സ​ർ ചി​കി​ത്സ​ക​ളു​ണ്ട്. ക​ണ്ണി​ലെ പ്ര​ഷ​ർ, ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ നേ​ത്ര രോ​ഗ​ങ്ങ​ൾ​ക്ക് ലേ​സ​ർ ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലേ​സ​ർ മെഷീ​ൻ പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​കു​ക​യാ​ണ്.

വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു രോ​ഗി​ക​ളാ​ണ് ചി​കി​ത്സ കി​ട്ടാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യിരിക്കുന്നത്. കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ലേ​സ​ർ ചി​കി​ത്സ​യു​ണ്ടെ​ങ്കി​ലും എ​ല്ലാ ലേ​സ​ർ ചി​കി​ത്സ​യ്ക്കു​മുള്ള ലെ​ൻ​സ് ഇവി​ടില്ല​ാത്ത​തു രോ​ഗി​ക​ളെ വ​ല​യ്ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ക​ണ്ണാ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ൾ.

സ്വ​കാ​ര്യ ക​ണ്ണാ​ശു​പ​ത്രി​യി​ൽ ഒ​രു ത​വ​ണ ലേ​സ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ 3000 മു​ത​ൽ 4000 രൂ​പ വ​രെ ന​ൽ​ക​ണം. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​സി​ടി മെഷീന്‍റെ പ്ര​വ​ർ​ത്ത​ന​വും കാ​ര്യ​ക്ഷ​മ​മ​ല്ല. ക​ണ്ണി​ലെ റെ​റ്റി​ന​യു​ടെ ന​ടു​ഭാ​ഗ​ത്തെ ഞ​ര​മ്പി​ന് ബാ​ധി​ക്കു​ന്ന നീ​ര്, കൊ​ഴു​പ്പ്, ബ്ലീ​ഡിം​ഗ്, ഞ​ര​മ്പി​ന്‍റെ ക​ട്ടി എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​ന് ക​ണ്ണ് സ്കാ​ൻ ചെ​യ്യു​ന്ന​തി​നാ​ണ് ഒ​സി​ടി മെഷീൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

റെ​റ്റി​ന​യി​ലെ ഞ​ര​മ്പിന്‍റെ ആ​രോ​ഗ്യം നി​ർ​ണ​യി​ക്കാ​ൻ ഒ​സി​ടി മെഷീ​ൻ നേ​ത്ര​സം​ബ​ന്ധ​മാ​യ രോ​ഗം ബാ​ധി​ച്ച​വ​ർ​ക്ക് അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആവശ്യം ശക്തമായി.