മുട്ടവില വീണ്ടും ഉയരുന്നു
1566994
Saturday, June 14, 2025 12:03 AM IST
പാലാ: ലഗോണ്‍ മുട്ടയ്ക്ക് ചില്ലറവില ഏഴു രൂപവരെയായി. നാടന്‍ കോഴിമുട്ടയ്ക്ക് 9 രൂപ മുതല്‍ പത്തു രൂപവരെയാണ് വില. താറാവുമുട്ടയ്ക്ക് 10 മുതല്‍ പന്ത്രണ്ടു രൂപവരെ വ്യാപാരികള്‍ വാങ്ങുന്നുണ്ട്. താറാവുമുട്ടയുടെ വരവു കുറഞ്ഞിട്ടുണ്ട്. ഇതും വിലവര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്.
മുട്ടവില ഉയരുന്നത് ചെറിയ തോതിലെങ്കിലും അടുക്കളകളുടെ താളം തെറ്റിച്ചിട്ടുണ്ട്. കോഴി വളര്‍ത്തലില്‍നിന്ന് ആളുകള്‍ പിന്തിരിഞ്ഞതും തിരിച്ചടിയായി. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ പക്ഷിപ്പനിക്ക് ശേഷം പല ഫാം ഉടമകളും തുറന്നിട്ടില്ല. ഇപ്പോള്‍ തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നുമാണ് മുട്ടകള്‍ എത്തുന്നത്.
സ്കൂളുകളിലും അങ്കണവാടികളിലും മുട്ട വിതരണം പ്രതിസന്ധിയിലായിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും മുട്ട വിഭവങ്ങള്‍ക്ക് ഇനി വില ഉയരും . ട്രോളിംഗ് നിരോധനം ഉള്ളതിനാലും ഇറച്ചിവിഭവങ്ങള്‍ക്ക് വില ഉയര്ന്നുനില്ക്കുന്നതിനാലും മുട്ടയ്ക്ക് ഇപ്പോള്‍ വന്‍ ഡിമാൻഡുണ്ട്. ഫാമുകളില്‍നിന്നു മുട്ട ശേഖരിച്ചു വില്പന നടത്തുന്നതിന് സര്‍ക്കാര്‍ സംവിധാനം വേണമെന്നാണ് ഫാം ഉടമകളും വിതരണക്കാരും വില്പനക്കാരും ആവശ്യപ്പെടുന്നത്.
കോഴിത്തീറ്റ വില ഉയരുന്നതും ഫാം നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുകയാണ് വിലവര്‍ധന പിടിച്ചുനിര്‍ത്താനുള്ള മാര്‍ഗമെന്നാണ് വിലയിരുത്തല്‍.