വായനദിനം-പക്ഷാചരണത്തിന് വിപുലമായ പരിപാടികള്‍
1566993
Saturday, June 14, 2025 12:03 AM IST
കോട്ടയം: വായനദിനവും വായന പക്ഷാചരണവും വിപുലവും വൈവിധ്യവുമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ ആഘോഷിക്കാന്‍ ജില്ലാതല സംഘാടക സമിതി തീരുമാനിച്ചു.സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വായനയുമായി ബന്ധപ്പെട്ട പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും.
ഡിജിറ്റല്‍ വായനയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പരിപാടികളും സംഘടിപ്പിക്കും. വായനദിനം- പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ 10നു മാന്നാനം സെന്റ് എഫ്രേംസ് സ്കൂളില്‍ മന്ത്രി വി.എന്‍. വാസവന് നിർവഹിക്കും. സമാപനം ജൂലൈ ഏഴിന് അക്ഷരം മ്യൂസിയത്തില്‍ നടക്കും.
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കാന്‍ ജില്ലയിലെ 376 ലൈബ്രറികളിലും രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. അക്ഷരം മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങളും സന്ദര്‍ശന പരിപാടികളും സംഘടിപ്പിക്കും.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 18 വരെ വായന സദസുകള്‍, വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ചിത്രരചനാ മത്സരം, പദയാത്ര, ശാസ്ത്രകലാജാഥ, വിളംബരജാഥ, പുസ്തകപ്രദര്ശനം എന്നിവ സംഘടിപ്പിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 19ന് എല്ലാ സ്കൂളുകളിലും വായനദിന പ്രതിജ്ഞയെടുക്കും. സാഹിത്യകാരന്മാരുമായുള്ള അഭിമുഖം, കഥ-കവിതാ രചനാ മത്സരങ്ങള്‍ എന്നിവയടക്കം രണ്ടാഴ്ച നീളുന്ന വിവിധ പരിപാടികള്‍ സ്കൂളുകളില്‍ സംഘടിപ്പിക്കും.
വിവര-പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും.സാക്ഷരതാ മിഷന് തുല്യതാ പഠിതാക്കള്‍ക്കായി വായനമത്സരം സംഘടിപ്പിക്കും.
അഞ്ചിടങ്ങളില്‍ വായനക്കൂട്ടായ്മ, പ്രേരക്മാര്‍ക്കായി ഉപന്യാസ മത്സരം, സെമിനാറുകള്‍, പി.എന്‍. പണിക്കര്‍ അനുസ്മരണം എന്നിവ സംഘടിപ്പിക്കും. കോളജുകളില്‍ ഭാഷാവകുപ്പുകളുടെ ആഭിമുഖ്യത്തില്‍ രണ്ടാഴ്ചത്തെ പരിപാടികള്‍ സംഘടിപ്പിക്കും.
കുടുംബശ്രീ പുസ്തകം ശേഖരിക്കും
കുടുംബശ്രീ സിഡിഎസ് തലത്തില്‍ ലൈബ്രറികള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പുസ്തകശേഖരണ പക്ഷാചരണം നടത്തും. 78 സിഡിഎസുകളിലും റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വായനദിന പരിപാടികളും എഴുത്തുകാരുടെ സംഗമങ്ങളും സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലൈബ്രറികളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പക്ഷാചരണവുമായി ബന്ധപ്പെട്ടു സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കും.
ജില്ലാ ഭരണകൂടം, വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്, അക്ഷരമ്യൂസിയം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം വകുപ്പുകള്‍, കുടുംബശ്രീ, സാക്ഷരതാമിഷന്‍ തുടങ്ങി വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.