വെള്ളപ്പൊക്ക നിയന്ത്രണം: കേരള കോണ്‍ഗ്രസ്-എം സിമ്പോസിയം 21ന് കോട്ടയത്ത്
1566992
Saturday, June 14, 2025 12:03 AM IST
കോട്ടയം: മീനച്ചിലാറ്റില്‍ അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് സമഗ്രമായ പദ്ധതികള്‍ക്ക് അടിയന്തരമായി രൂപം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ്-എം. ഇതിനായി വിദഗ്ധരെ പങ്കെടുപ്പിച്ച് 21ന് കോട്ടയം പ്രസ് ക്ലബ്ബില്‍ സിമ്പോസിയം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അറിയിച്ചു.
മീനച്ചിലാര്‍, മണിമലയാര്‍ നദികളുടെ സമീപവാസികള്‍ ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേ ഉള്‍പ്പെടെയുള്ള ഒട്ടനവധി റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടുന്നു. പാലാ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളും മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിലാണ്.
നദികളും തോടുകളും കരകവിഞ്ഞൊഴുകുന്നതുമൂലം വ്യാപകമായ കൃഷി നാശമാണ് മഴക്കാലത്ത് ഉണ്ടാകുന്നത്. വെള്ളപ്പൊക്ക ദുരിതങ്ങള്ക്കിരയായവരുടെ പ്രതിനിധികളെയും വിഷയത്തിലെ വിദഗ്ധരെയും പങ്കെടുപ്പിച്ചുള്ള സിമ്പോസിയത്തില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ഗവണ്മെന്റിനു മുമ്പില്‍ സമര്‍പ്പിക്കുമെന്നും തുടര്‍ നടപടികള്‍ക്ക് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും ലോപ്പസ് മാത്യു പറഞ്ഞു.