ചെറുവള്ളി എസ്റ്റേറ്റ് കേസ്: 27ന് രേഖകള്‍ പരിശോധിക്കും
1566991
Saturday, June 14, 2025 12:03 AM IST
കോട്ടയം: അയന ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച് പാലാ കോടതിയില്‍ നിലവിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സമര്‍പ്പിച്ച പ്രമാണങ്ങള്‍ 28ന് പരിശോധനയ്ക്ക് വിധേയമാക്കും.
ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമസ്ഥത അവകാശപ്പെടുന്ന വിവിധ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബ്രിട്ടീഷ് കമ്പനിയുടെ പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തില്‍ തോട്ടം ബിലീവേഴ്സ് ചര്‍ച്ച് മലയാളം പ്ലാന്റേഷനില്‍ നിന്ന് വാങ്ങിയത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.
ഇതിനൊപ്പം റവന്യൂ വകുപ്പിന്റെ കൈവശമുള്ള സുപ്രധാന രേഖകളും സര്‍ക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബിലീവേഴ്സ് ചര്‍ച്ച് ചെറുവള്ളി എസ്റ്റേറ്റ് വാങ്ങി ആധാരം എരുമേലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് ഏതാനും വര്‍ഷം കരം അടച്ചിരുന്നു. പിന്നീട് റവന്യൂവകുപ്പ് കരം സ്വീകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചു.
ചെറുവള്ളി എസ്റ്റേറ്റിന്റെ കരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചിന് അനുകൂലമായി ഹൈക്കോടതി വിധി ലഭിച്ചിരുന്നു. കരം ഈടാക്കാന്‍ റവന്യു വകുപ്പിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. 2012 വരെയാണ് ചെറുവള്ളി എസ്റ്റേറ്റിന്റെ കരം അടച്ചത്.
58 ലക്ഷം രൂപയാണ് കരം കുടിശിക. ബിലീവേഴ്സ് ചര്‍ച്ചിന്റെ പേരില്‍ ആധാരം ചെയ്ത എസ്റ്റേറ്റ് അയന ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരിലേക്കു മാറ്റി ആധാരം രജിസ്റ്റര്‍ ചെയ്ത് കരം അടയ്ക്കണമെന്നാണ് ചര്‍ച്ചിന്റെ നിലപാട്.