ഫലവൃക്ഷത്തൈകള്‍ വിലകുറച്ചു നല്‍കും
1566990
Saturday, June 14, 2025 12:03 AM IST
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഒരു തൈ നടാം വൃക്ഷവത്കരണ കാമ്പയിനിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തുന്ന ചങ്ങാതിക്ക് ഒരു മരം പദ്ധതിയിലേക്ക് ജില്ലയിലെ സ്വകാര്യ നഴ്സറികള്‍ ഫലവൃക്ഷത്തൈകള്‍ വിലക്കിഴിവില്‍ നല്‍കും.
മികച്ച തൈ ഉത്പാദകരായ തെരഞ്ഞെടുക്കപ്പെട്ട നഴ്സറി പ്രതിനിധികളുമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്കൂളില്‍നിന്ന് വിതരണം ചെയ്യുന്ന ഡിസ്കൗണ്ട് കൂപ്പണ്‍ കൈമാറി, ലിസ്റ്റ് ചെയ്തിട്ടുള്ള നഴ്സറികളില്‍നിന്ന് ഒരു കുട്ടിക്ക് 25 മുതല്‍ 30 ശതമാനംവരെ കിഴിവില്‍ ഒരു തൈ വാങ്ങാം.
ഇതിനുപുറമേ ജൂലൈ 31 വരെ 10 ശതമാനം കിഴിവോടെ വൃക്ഷത്തൈകള്‍ നല്‍കുന്നതിനും നഴ്സറി ഉടമകളുടെ പ്രതിനിധികള്‍ സന്നദ്ധത അറിയിച്ചു. നവകേരളം മിഷന് ജില്ലാ ഓഫീസില്‍ സമ്മതപത്രം സമര്‍പ്പിക്കുന്ന നഴ്സറികളെ പട്ടികയില്‍ ഉള്‍പ്പെടുത്തും. kottayamnava
[email protected] എന്ന ഇ-മെയിലിലൂടെയും സമ്മതപത്രം അറിയിക്കാം. സ്കൂള്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ കൂട്ടുകാര്‍ക്ക് വൃക്ഷത്തൈകള്‍ പരസ്പരം കൈമാറുന്ന ചങ്ങാതിക്കൊരു മരം പരിപാടി 25 നാണ് നടത്തുന്നത്. കാമ്പയിന് സെപ്റ്റംബര്‍ 30ന് സമാപിക്കും.