കുടുംബശ്രീ ഫ്രോസണ്‍ ചിക്കന്‍ വിപണിയിലേക്ക്: ആദ്യ ഔട്ട്ലെറ്റ് വാഴൂരില്‍
1566989
Saturday, June 14, 2025 12:03 AM IST
വാഴൂര്‍: കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വാഴൂര്‍ സിഡിഎസ് കേരള ചിക്കന്‍ ഔട്ട്ലെറ്റില് ഫ്രോസണ്‍ ചിക്കന്‍ വിപണനം ആരംഭിച്ചു. ബിഎസ്എൻഎൽ ഓഫീസിനു സമീപം കേരള ചിക്കൻ സെന്ററിനോടു ചേർന്നാണ് ഔട്ട്ലെറ്റ്.
പാചകത്തിനു തയാറാക്കിയ കോഴിയിറച്ചി വിവിധ വിഭാഗങ്ങളിലായി മിതമായ നിരക്കിൽ ഇവിടെ ലഭിക്കും. കറിക്കട്ട്, ബിരിയാണി കട്ട്, ബോൺ ലെസ്, ലെഗ് പീസ് മുതലായവയാണ് ലഭിക്കുക.
ഹോം ഡെലിവറിയും ലഭ്യമാണ്. നാലുവർഷമായി കുടുംബശ്രീയുടെ കേരള ചിക്കൻ ഇവിടെ വിജയകരമായി പ്രവർത്തിച്ചു വരികയാണ്. ന്യായവിലയ്ക്ക് കോഴിയിറച്ചി ലഭിക്കുന്നതിനാൽ ആളുകൾക്കിടയിൽ കേരള ചിക്കനു പ്രിയമേറെയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ഔട്ട്ലെറ്റുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കുടുംബശ്രീ. വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി ഉദ്ഘാടനവും ആദ്യ വിപണനവും നിര്‍വഹിച്ചു.
സ്കൂളുകളില്‍ വരുന്നു; കുടുംബശ്രീ കഫേകള്‍
കോട്ടയം: ജില്ലയിലെ സ്കൂളുകളില്‍ കുടുംബശ്രീ കഫേകള്‍ വരുന്നു. ജൂലൈ ആദ്യവാരം ആദ്യഘട്ട കഫേകള്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പോഷക സമ്പൂര്‍ണമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്കൂള്‍ സ്റ്റേഷനറി വസ്തുക്കള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ വിലക്കുറവില്‍ ഈ സംവിധാനത്തിലൂടെ ലഭിക്കും.
കുട്ടികള്‍ സ്കൂള്‍ പ്രവൃത്തിസമയത്ത് പുറത്തുപോകുന്നത് മൂലമുള്ള ബുദ്ധിമുട്ടുകള്‍, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, ലഹരി വസ്തുക്കളുമായി സമ്പര്‍ക്കം ഉണ്ടാകാനുള്ള സാധ്യത മുതലായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ വഴി കഴിയും. കൂടാതെ പ്രഭാതഭക്ഷണം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് കഫേയില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ ഭക്ഷണം ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.