ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു
1566988
Saturday, June 14, 2025 12:03 AM IST
കോട്ടയം: മഴക്കാലം ആരംഭിച്ചതോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധനകള്‍ ആരംഭിച്ചു. മഴക്കാലത്ത് കച്ചവട സ്ഥാപനങ്ങളില്‍ ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കിയത്.
ജൂലൈവരെ നീണ്ടുനില്‍ക്കുന്ന ഓപ്പറേഷന് മണ്‍സൂണിന്റെ ഭാഗമായുള്ള പരിശോധനകള്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും ഊര്‍ജിതമായി പുരോഗമിക്കുകയാണ്. ഇതുവരെ 80ലധികം സ്ഥാപനങ്ങളില്‍ പരിശോധ നടത്തി. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 10 കടകളുടെ പ്രവര്‍ത്തനം ഇതിനോടകം നിര്‍ത്തിവയ്പിച്ചു.
22 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 86 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്കി. തുടര്‍ പരിശോധനകള്‍ക്കായി നൂറിലധികം സര്‍വൈലന്‍സ് സാമ്പിളുകളും സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഡ്രൈവിന്റെ ഭാഗമായി നൈറ്റ് സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്.
തട്ടുകടകള്‍ ഉള്‍പ്പെടെ രാത്രികാലത്ത് പ്രവര്‍ത്തിക്കുന്ന കടകളിലാണ് നൈറ്റ് സ്ക്വാഡിന്റെ പരിശോധന. വൈകുന്നേരങ്ങളില്‍ സജീവമാകുന്ന ഇത്തരം കടകള്‍ കേന്ദ്രീകരിച്ചു വൈകുന്നേരം നാലുമുതല്‍ രാത്രി 10 വരെയാണു പരിശോധനകള്‍ നടത്തിയത്.
ഹോട്ടല്‍, റസ്റ്ററന്റ് എന്നിവയ്ക്കു പുറമെ ഭക്ഷണ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധനകള്‍ നടത്തുന്നുണ്ട്. മഴക്കാലത്ത് കടകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പറയുന്നത്.
ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം. കടകളില്‍ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തില്‍ വേണം സൂക്ഷിക്കാന്‍.
ഓണ്‍ലൈന്‍ വിതരണക്കാരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചുവേണം ഭക്ഷണം കൈകാര്യം ചെയ്യാന്‍. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിലാണ് പരിശോധനകള്‍ നടന്നുവരുന്നത്.