മലേറിയ സ്ഥിരീകരിച്ച മാനത്തൂരിൽ ഇന്ന് പനി സർവെ നടത്തും
1566982
Saturday, June 14, 2025 12:03 AM IST
കടനാട്: വീട്ടമ്മയ്ക്കു മലേറിയ സ്ഥിരീകരിച്ച കടനാട് പഞ്ചായത്തിലെ മാനത്തൂര്‍ വാര്‍ഡില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയെങ്കിലും പരിസരവാസിളില് ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല. 52 പേരുടെ രക്തസാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കൊതുകുജന്യ രോഗമായ മലേറിയയെ തുരത്താന്‍ പ്രദേശത്തെ വീടുകളിലും പരിസരങ്ങളിലും ഇന്നലെയും ഐആര്‍എസ് ഉള്‍പ്പെടെയുള്ള കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്നു ഫീവര്‍ സര്‍വെ നടത്തും. ആരോഗ്യപ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും പഞ്ചായത്ത് അധികൃതരും നേതൃത്വം നല്കുമെന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മെര്ലിന് ജോസഫ് അറിയിച്ചു.
കോട്ടയത്തു നിന്നെത്തിയ മലേറിയ നിയന്ത്രണ അഥോറിറ്റി അധികൃതരും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ അധ്യക്ഷതയില്‍ ആരോഗ്യപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു പഞ്ചായത്തില്‍ അടിയന്തര യോഗം നടത്തുകയും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
മലേറിയ സ്ഥിരീകരിച്ച മാനത്തൂര്‍ വാര്‍ഡിലെ പാട്ടത്തിപ്പറമ്പ് ഉണ്ണിക്കനോലി ഭാഗത്തെ രോഗബാധിതയുടെ വീടുപണിക്ക് എത്തിയ രണ്ട് അതിഥിതൊഴിലാളികളുടെ രക്തസാമ്പിളുകളും ശേഖരിച്ചിരുന്നു. ഇവര്‍ക്കു രോഗബാധയില്ല. എന്നാല്‍ കൂടുതല്‍ അതിഥി തൊഴിലാളികള്‍ പണിക്ക് എത്തിയിരുന്നു.
ഇവര്‍ അവധിക്കു നാട്ടില്‍ പോയതിനാല്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ സാധിച്ചില്ല. ഇവരുടെ വീടിനു സമീപമുള്ള കൈത തോട്ടത്തില്‍ പണിക്കു വന്നിരുന്ന അതിഥി തൊഴിലാളികളുടെ രക്തസാമ്പിളുകളും പരിശോധിക്കാന്‍ സാധിച്ചില്ല. ഇവരും അവധി ആഘോഷിക്കാന്‍ നാട്ടില്‍ പോയിരിക്കുകയാണ്. കൂടാതെ ഇവരുടെ മേല്‍വിലാസവും കരാറുകാരന് അറിയില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിട്ടുള്ളത്.
മൂവാറ്റുപുഴയില്‍ ക്യാമ്പുകളില്‍ കഴിയുന്ന ഇവരെ ആവശ്യപ്രകാരം എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നതെന്നു കൈത കൃഷി നടത്തുന്നവര്‍ പറഞ്ഞു. മലേറിയ ബാധ തദ്ദേശീയമായി ഉണ്ടായതാണോ എന്ന കാര്യം പരിശോധിച്ചുവരികയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍.