കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് റോഡ്: ബസ് ഡ്രൈവർമാരെ ദുരിതത്തിലാക്കി അനധികൃത പാർക്കിംഗ്
1566970
Friday, June 13, 2025 10:39 PM IST
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡ് റോഡിലെ അനധികൃത പാർക്കിംഗ് ബസ് ഡ്രൈവർമാരെ ദുരിതത്തിലാക്കുന്നു. ഇന്നലെ വൈകുന്നേരം ബസ് കയറുന്ന റോഡിൽ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുകയും ഈ സമയം ബസ് വരുകയും ചെയ്തതോടെ റോഡ് ബ്ലോക്കായി. ഗതാഗതക്കുരുക്ക് ദേശീയപാതയിലേക്കും നീണ്ടു. ഏറെ സമയത്തിന് ശേഷം പാർക്ക് ചെയ്ത വാഹനത്തിലെ ഡ്രൈവർ വന്ന് വാഹനം മാറ്റിയതോടെയാണ് ബസ് കടന്നുപോയത്.
പ്രൈവറ്റും കെഎസ്ആർടിസിയുമടക്കം ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകൾ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലൂടെ കയറിയിറങ്ങുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടന്നു പോകുന്നതുപോലെയാണ്. വീതി കുറഞ്ഞ പാതയിൽ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ ബസുകൾ കടന്നു പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്.
ഇടുങ്ങിയ റോഡിലൂടെ കടന്നുകയറി ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കാനും ഇറങ്ങിപ്പോകാനും ഡ്രൈവർമാർ എടുക്കുന്ന പ്രയത്നം കാണേണ്ടതുതന്നെയാണ്. ഇവിടെ ഏതുനിമിഷവും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ് പലപ്പോഴും ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ, ടൂവീലറുകൾ, പാഴ്സൽ വാഹനങ്ങൾ എന്നിവയുടെ അനധികൃത പാർക്കിംഗ് ഒഴിവാക്കുക, സ്റ്റാൻഡിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുന്ന റോഡിലെ അനധികൃത പാർക്കിംഗുകൾ ഒഴിവാക്കി ബസുകൾക്ക് കയറുന്നതിനുള്ള സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഉടമകൾ പോലീസിന് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇതുവരെയായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.