ചങ്ങനാശേരിയിലെ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍നിന്ന് ഇരുചക്ര വാഹനങ്ങള്‍ മോഷണം പോകുന്നത് പതിവാകുന്നു
1566956
Friday, June 13, 2025 7:30 AM IST
ചങ്ങനാശേരി: പാര്‍ക്കിംഗ് സ്ഥലങ്ങളില്‍നിന്ന് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് മുങ്ങുന്ന സംഘം ചങ്ങനാശേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. മോഷ്ടിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേക്ക് കടത്തക്കൊണ്ടുപോകുന്നതായാണ് സൂചന.
മോഷ്ടിച്ച വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി റെന്റിനു നല്‍കുന്നതായും ചിലത് പൊളിച്ചുവിൽക്കുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം റെയില്‍വേ സ്റ്റേഷനു സമീപം ഗുഡ്ഷെഡ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. ളായിക്കാട് ജംഗ്ഷനിലെ സിസിടിവി ദൃശ്യത്തില്‍ മൂന്ന് യുവാക്കള്‍ അമിതവേഗത്തില്‍ ബൈക്കില്‍ പോകുന്ന ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് ചങ്ങനാശേരി പോലീസ് അന്വേഷണം നടത്തിയപ്പോള്‍ സംഘം മാവേലിക്കര വരെ എത്തിയതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.
റെയില്‍വേ സ്റ്റേഷനിലെ പേ ആൻഡ് പാര്‍ക്കില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മൂന്നുമാസം മുമ്പ് മോഷണം പോയിരുന്നു. ഈ കേസിൽ പത്തനംതിട്ട സ്വദേശിയെ ചങ്ങനാശേരി പോലീസ് പിടികൂടിയിരുന്നു. മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.