അമ്മച്ചിക്കൊട്ടാരത്തിന് ചോർച്ച; മേൽക്കൂര പൊതിഞ്ഞുകെട്ടി
1566952
Friday, June 13, 2025 7:20 AM IST
വൈക്കം: ചരിത്ര സ്മാരകമായ അമ്മച്ചിക്കൊട്ടാരം ചോർന്നൊലിക്കാതിരിക്കാൻ പൊതിഞ്ഞുകെട്ടി. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്ത കെട്ടിടം തകർച്ചാഭീഷണിയിലാണ്. പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫിസാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്. മേൽക്കൂരയുടെ ഒരുഭാഗം വർഷങ്ങളായി ചോരുന്നുണ്ട്. ഇവിടെ പടുത കെട്ടിയാണ് മഴക്കാലത്ത് ഓഫീസ് പ്രവർത്തിച്ചുവന്നത്.
ഇത്തവണ ചോർച്ച വർധിച്ചതോടെ മേൽക്കൂര പൂർണമായും പടുത ഉപയോഗിച്ചു മൂടി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് മുറി, ജീവനക്കാരുടെ രണ്ട് ഓഫീസ് മുറികൾ തുടങ്ങിയവയ്ക്ക് കാലോചിതമായ ചില മാറ്റങ്ങൾ മാത്രമാണ് ഇവിടെ വരുത്തിയിട്ടുള്ളത്. പഴയകാലത്തെ ചില ഫർണിച്ചറും ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്.മേൽക്കൂരയുടെ ജീർണത പരിഹരിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണകാലത്ത് വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന രാജകുടുംബത്തിലെ സ്ത്രീകൾക്ക് താമസിക്കുന്നതിനായി നിർമിച്ചതാണ് അമ്മച്ചിക്കൊട്ടാരം. ഇതിനു മുന്നിലാണ് അഷ്ടമിനാളിൽ എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന് വരവേൽപ് നൽകാൻ സ്വീകരണപ്പന്തൽ ഒരുക്കുന്നത്. വൈക്കം ക്ഷേത്രത്തിന്റെ വടക്കേ നടയിലെ കിഴക്കേ കൊട്ടാരത്തിലാണ് അന്നു രാജാക്കന്മാർ താമസിച്ചി രുന്നത്.