മുണ്ടാർ തട്ടാപറമ്പില്‍ രണ്ടാഴ്ചയായി വൈദ്യുതിയില്ല
1566951
Friday, June 13, 2025 7:20 AM IST
കടുത്തുരുത്തി: കല്ലറ പഞ്ചായത്തിലെ മുണ്ടാറിലുള്ള 14 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിക്കാതായിട്ട് 15 ദിവസം പിന്നിടുന്നു. മുണ്ടാര്‍ തട്ടാപറമ്പ് ഭാഗത്തെ വീട്ടുകാര്‍ക്കാണ് രണ്ടാഴ്ചയായി വൈദ്യുതിയില്ലാത്തത്. കളത്രക്കരി ഭാഗത്തുനിന്നാണ് ഇവിടേക്കു വൈദ്യുതിയെത്തുന്നത്. കടുത്തുരുത്തി സെക്ഷന്റെ കീഴിലായിരുന്ന ഈ പ്രദേശം രണ്ടു മാസം മുമ്പ് തലയാഴം സെക്ഷന്റെ പരിധിയിലേക്കു മാറ്റിയതിനു ശേഷമാണ് സ്ഥിരമായി വൈദ്യുതിയില്ലാത്ത അവസ്ഥയെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
കല്ലുപുര-വാക്കേത്തറ റോഡിലൂടെ വരുന്ന 11 കെവി ലൈനില്‍നിന്നാണ് പ്രദേശത്തെ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിനു മുമ്പ് ഇവിടുത്തെ വൈദ്യുതിവിതരണം നിലച്ചതാണ്.
അന്നുമുതല്‍ അധികൃതരോട് പരാതി പറഞ്ഞെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസിയായ പി.എ. ഷിബു പറഞ്ഞു. കിടപ്പുരോഗികളും വയോജനങ്ങളും കുട്ടികളുമെല്ലാം ഇതുമൂലം ബുദ്ധിമുട്ടുകയാണ്. ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായ മേഖലയാണിത്.