പൂർവവിദ്യാർഥിനീ സംഗമം
1566949
Friday, June 13, 2025 7:20 AM IST
കോട്ടയം: ബിസിഎം കോളജില്‍നിന്നു 1979-1982 കാലഘട്ടത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികള്‍ നാലു പതിറ്റാണ്ടിനുശേഷം കോളജില്‍ ഒത്തുചേര്‍ന്നു ഓര്‍മകള്‍ പങ്കുവച്ചു. ജീവിതത്തില്‍ വ്യത്യസ്ത പദവികളില്‍നിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ഇവര്‍ പഴയകാല ഓര്‍മകള്‍ പങ്കുവയ്ക്കുന്ന കാഴ്ച കൗതുകകരമായിരുന്നു. പഠിച്ച ക്ലാസ് മുറികളും ഇടനാഴികളും അവരെ പഴയ ബിസിഎം ഓര്‍മകളിലേക്ക് തിരികെവിളിച്ചു.
നവീകരിച്ച കോളജ് ലൈബ്രറിയും ഓഡിറ്റോറിയവും സ്മാര്‍ട്ട് ക്ലാസ് മുറികളും സന്ദര്‍ശിച്ച് അവര്‍ കോളജിന്റെ വളര്‍ച്ച ആസ്വദിച്ചു. ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന 80കളിലെ കോളജ് മാഗസിനുകള്‍ പ്രസരിപ്പും ഉന്മേഷവും തിരികെകൊണ്ടുവന്ന് അവരെ പഴയ കൗമാരക്കാരായി മാറ്റി.
കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. കെ.വി. തോമസ്, വൈസ്പ്രിന്‍സിപ്പല്‍മാരായ ഡോ. അന്നു തോമസ്, പ്രിയ തോമസ്, കോഓര്‍ഡിനേറ്റര്‍ ഡോ. പി.എസ്. റീജോ, ബോട്ടണി വിഭാഗം മേധാവി പീറ്റർ കെ. മാണി, അലുംമ്നി അസോസിയേഷന് പ്രസിഡന്റ് ആന്‍ ജോണ്‍സ് തുടങ്ങിയവര്‍ പങ്കാളികളായി.