റോഡരികിൽ തള്ളിയ മാലിന്യം നീക്കംചെയ്യിച്ച് പഞ്ചായത്തംഗവും നാട്ടുകാരും
1566945
Friday, June 13, 2025 7:20 AM IST
പാമ്പാടി: കൂരോപ്പട പഞ്ചായത്ത് രണ്ടാം വാർഡിൽ ളാക്കാട്ടൂർ-കുറ്റിക്കാട്-ചേന്നാമറ്റം റോഡിൽ കുട്ടിയച്ചൻപടിയിലെ റോഡരികിൽ വീട്ടുമാലിന്യങ്ങൾ തള്ളി. റോഡിലും സമീപത്തെ ചേന്നാമറ്റത്ത് ഐസക്കിന്റെ പുരയിടത്തിലുമായാണ് മാലിന്യം ഉപേക്ഷിച്ചത്. ചൊവാഴ്ച രാത്രിയിലാണ് സംഭവം. നിരവധി കുപ്പികൾ, ചെരുപ്പുകൾ, വസ്ത്രങ്ങൾ അടക്കം ചാക്കുകളിലും അല്ലാതെയുമായി വഴിയരികിൽ മാലിന്യം തള്ളുകയായിരുന്നു.
രാവിലെ റബർ വെട്ടാനെത്തിയ ആളാണ് ഇത്തരത്തിൽ മാലിന്യം കിടക്കുന്നത് കണ്ടത്. തുടർന്ന് പഞ്ചായത്തംഗം സന്ധ്യാ ജി. നായരെ വിവരമറിയിച്ചു. നാട്ടുകാരും വിവമറിഞ്ഞു സ്ഥലത്തെത്തി. സ്ഥലത്തു നടത്തിയ പരിശോധനയിൽ മാലിന്യം ഉപേക്ഷിച്ച ആളിനെ തിരിച്ചറിയുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
വീട്ടിലെ മാലിന്യം നീക്കം ചെയ്യാൻ ഏല്പിച്ചവരാണ് ഇത്തരത്തിൽ വഴിയരികിൽ മാലിന്യം ഉപേക്ഷിച്ചുകടന്നത്. പിന്നീട് മാലിന്യം നീക്കം ചെയ്തു. പാമ്പാടി പോലീസും സ്ഥലത്തെത്തിയിരുന്നു.