നൂറുമേനി സീസൺ-3 റീജണൽ മത്സരങ്ങൾ 15ന്
1566943
Friday, June 13, 2025 7:20 AM IST
കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ നൂറുമേനി സീസൺ-3 ദൈവവചന പഠന മത്സരത്തിന്റെ റീജൺ തല മത്സരം 15ന് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ അഞ്ച് റീജണുകളിലായി ഒരേസമയം നടക്കുമെന്ന് ബൈബിൾ അപ്പൊസ്തലേറ്റ് അതിരൂപത ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, നൂറുമേനി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ എന്നിവർ അറിയിച്ചു.
ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025 ജൂബിലി വർഷത്തിൽ ഒരു ലക്ഷംപേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അതിരൂപതയുടെ ഈ പദ്ധതിയുടെ കൂട്ടായ്മ, ഇടവക, ഫൊറോനാതല മത്സരങ്ങളിൽ വിജയികളായ 54 കുടുംബങ്ങളാണ് റീജൺ തല മത്സരത്തിൽ പങ്കെടുക്കുന്നത്. റീജൺ തല മത്സരത്തിൽ വിജയികളാകുന്ന 5 കുടുംബങ്ങളാണ് ഗ്രാൻഡ്ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ആലപ്പുഴ മാർ സ്ലീവാ ഫൊറോന പള്ളിയിൽ നടക്കുന്ന കുട്ടനാട് റീജൺ തല മത്സരത്തിൽ ആലപ്പുഴ, മുഹമ്മ, ചമ്പക്കുളം, എടത്വാ, പുളിങ്കുന്ന് ഫൊറോനകളിലെ ടീമുകൾ പങ്കെടുക്കും. വെരൂർ സെന്റ് ജോസഫ് പള്ളിയിൽ നടക്കുന്ന ചങ്ങനാശേരി റീജൺ മത്സരത്തിൽ ചങ്ങനാശേരി, തുരുത്തി, ചെങ്ങന്നൂർ, തൃക്കൊടിത്താനം ഫൊറോനകൾ മത്സരിക്കും.
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന കോട്ടയം റീജൺ മത്സരത്തിൽ കോട്ടയം, കുടമാളൂർ, അതിരമ്പുഴ ഫൊറോനകളും, നെടുംകുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ ക്രമീകരിച്ചിരിക്കുന്ന നെടുംകുന്നം റീജൺ മത്സരത്തിൽ കുറുമ്പനാടം, നെടുംകുന്നം, മണിമല ഫൊറോനകളും മത്സരിക്കും. തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയിൽ നടക്കുന്ന തിരുവനന്തപുരം റീജൺ മത്സരത്തിൽ കൊല്ലം-ആയൂർ, അമ്പൂരി, തിരുവനന്തപുരം ഫൊറോനകൾ പങ്കെടുക്കും.
റീജണൽ മത്സരങ്ങൾക്ക് കുടുംബ കൂട്ടായ്മ - ബൈബിൾ അപ്പൊസ്തലേറ്റ് ഫൊറോന ഡയറക്ടർമാരും ഫൊറോന സമിതി അംഗങ്ങളും നേതൃത്വം നൽകും.