ലഹരിക്കെതിരേ ബോധവത്കരണവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
1566769
Friday, June 13, 2025 12:19 AM IST
കോട്ടയം: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി-മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ബോധവത്കരണവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ.
ഡ്രഗ്സിറ്റ് സമ്മിറ്റ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടി 14നു രാവിലെ 10 മുതല്‍ സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. സഭയുടെ മാനവ ശക്തീകരണ വിഭാഗം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ, മാര്‍ത്തോമ്മാ സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ, മാര്‍ ജേക്കബ് മുരിക്കന്‍, സിഎസ്ഐ സഭ മധ്യകേരള ബിഷപ് റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്, ശ്രീനാരായണ ധര്‍മസംഘം കോര്‍പറേറ്റ് മാനേജര്‍ സ്വാമി വിശാലാനന്ദ, കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം ഷഫീഖ് മന്നാനി, മാനവ ശക്തീകരണ വിഭാഗം ഡയറക്ടര്‍ ഫാ. പി.എ. ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും.
കോണ്‍ക്ലേവിന്റെ ആദ്യ സെഷന് സംവിധായകന് ബ്ലെസി ഉദ്ഘാടനം ചെയ്യും. കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. സഭയുടെ വൈദിക ട്രസ്റ്റി റവ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, വിഴിഞ്ഞം പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഡോ. റൂബിള്‍ രാജ്, പ്രഫ. സി. മാമച്ചന്, ഡോ. വര്‍ഗീസ് പി. പുന്നൂസ്, റവ. ഡോ. ജോണ്‍ തോമസ്, റോണി വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി റവ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, സെക്രട്ടറി ബിജു ഉമ്മന്‍, ഫാ. പി.എ. ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.