കെഎസ്എസ്എസ് ചൈതന്യ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
1566766
Friday, June 13, 2025 12:19 AM IST
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഫാ. ഏബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ചു കെഎസ്എസ്എസ് ചൈതന്യ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തരവകുപ്പ് മുന്‍ അഡിഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്, സംസ്ഥാന ഡിസെബിലിറ്റി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജ്, പത്തനംതിട്ട ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയാസ്, കെഎസ്എസ്എസ് ബോര്‍ഡ് അംഗം ജോര്‍ജ് കുര്യന് പാണ്ടവത്ത് എന്നിവര്‍ക്കാണ് അവാര്‍ഡ്.
20,001 രൂപയും മൊമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. 28ന് ഉച്ചകഴിഞ്ഞു മൂന്നിനു തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. നാളികേര വികസന ബോര്‍ഡിന്റെ ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ പദ്ധതി നടത്തിപ്പിലും കെഎസ്എസ്എസ് സ്വാശ്രയസംഘ ക്ഷേമ പ്രവര്‍ത്തനങ്ങളിലും നല്കിയ സേവനങ്ങളും മാനിച്ചാണ് ടി.കെ. ജോസിനു പുരസ്കാരം സമ്മാനിക്കുന്നത്.
ന്യൂനപക്ഷ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളോടൊപ്പം കോട്ടയം അതിരൂപതയുടെ സാമൂഹിക സാമുദായിക മേഖലകളില്‍ നല്‍കിവരുന്ന സേവനങ്ങളെ മാനിച്ചാണ് സ്റ്റീഫന്‍ ജോര്‍ജിന് പുരസ്കാരം. ഭിന്നശേഷി ഉന്നമനം ലക്ഷ്യമാക്കി കെഎസ്എസ്എസ് നടപ്പിലാക്കിവരുന്ന വിവധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അഡ്വക്കസി നെറ്റ്വര്‍ക്ക് മീറ്റിംഗുകള്‍ക്കും പരിശീലനങ്ങള്‍ക്കും നല്കി വരുന്ന സഹകരണങ്ങളെയും പ്രോത്സാഹനങ്ങള്ക്കുമാണ് ഡോ. പി.ടി. ബാബുരാജിനു പുരസ്കാരം. കാര്‍ഷിക മേഖലയുടെ ഉന്നമനത്തോടൊപ്പം കെഎസ്എസ്എസ് കര്‍ഷക സംഘങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും കര്‍ഷക സംഘ പരിശീലന ബോധവത്കരണ പരിപാടികള്‍ക്കും ചൈതന്യ കാര്‍ഷികമേള ഉള്‍പ്പെടെയുള്ള ജനകീയ പ്രവര്‍ത്തനങ്ങളിലും നല്‍കിവരുന്ന സേവനങ്ങള്‍ക്കാണ് ഷേര്‍ളി സക്കറിയാസിന് പുരസ്കാരം.
കെഎസ്എസ്എസ് ബോര്‍ഡ് അംഗമെന്ന നിലയിലും വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനങ്ങളുടെ ലഭ്യമാക്കലിനും നല്‍കിവരുന്ന പ്രോത്സനവും പിന്തുണയും പരിഗണിച്ചാണ് ഏറ്റുമാനൂര്‍ സ്വദേശിയായ ജോര്‍ജ് കുര്യന് പുരസ്കാരം.
പത്രസമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പിആര്‍ഒ സിജോ തോമസ്, പ്രോഗ്രാം ഓഫീസര്‍ കെ.എസ്. അനീഷ്, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.