ഫിഷ് ഫാം ഉടമയുടെ മരണം; മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
1566764
Friday, June 13, 2025 12:19 AM IST
വൈക്കം: കാലുകളിലും കഴുത്തിലും ഇഷ്ടികകൾ കെട്ടിവച്ചനിലയിൽ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയോരത്ത് കണ്ടെത്തിയ സംഭവം മുങ്ങിമരണമാണെ ന്ന്് സൂചന.
ശരീരത്തിൽ പരിക്കുകളോ മറ്റു കണ്ടെത്തലുകളോ ഇല്ലെ ന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം ത്വരിതപ്പെടുത്തുമെന്ന് പോലീസ് പറയുന്നു.
തോട്ടകം ഫിഷ് വേൾഡ് അക്വാ ടൂറിസം സെന്റർ ഉടമ വിപിനെ (ജോർജ്) ഫിഷ്ഫാമിന് 100 മീറ്റർ അകലെ പുഴയോരത്ത് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കേണ്ട സാഹചര്യം വിപിനില്ലെന്നും മരണം കൊലപാതമാണെന്നുമുള്ള സംശയത്തിൽ ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വിശദമായ അന്വേഷണത്തിനുശ്രമം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്കുമാർ, വൈക്കം സിഐ സുഖേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരം നാലിന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തി.