നാടോടി സ്ത്രീകൾ പ്രതികളായ മോഷണത്തിൽ ശിക്ഷ വിരളം
1566762
Friday, June 13, 2025 12:19 AM IST
കോട്ടയം: തമിഴ് നാടോടി സ് ത്രീകള്‍ കേരളത്തിലെത്തി നടത്തുന്ന മോഷണങ്ങളില്‍ ശിക്ഷ ലഭിക്കുന്ന കേസുകള്‍ വിരളം. ബസുകളിലും ഉത്സവ, തിരുനാള്‍ സ്ഥലങ്ങളിലുംനിന്ന് ആഭരണവും പണവും മോഷ്ടിച്ച് അറസ്റ്റിലാകുന്ന തമിഴ് സ്ത്രീകളെല്ലാം ജാമ്യത്തിലിറങ്ങി മുങ്ങുകയാണ് പതിവ്. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്നിന്ന് മോഷണം തൊഴിലാക്കിയ അന്‍പതോളം നാടോടി സ്ത്രീകള്‍ ജില്ലയിലെത്തുന്നതായാണ് പോലീസ് പറയുന്നത്.
ഒരു മോഷണം നടന്നാല്‍ നാടുവിടുകയും ആഴ്ചകള്‍ക്കുള്ളില്‍ മറ്റൊരു ജില്ലയില്‍ മോഷണത്തിനെത്തുകയുമാണ് പതിവ്. ഇത്തരത്തില്‍ ഒരു വര്‍ഷം 25 കേസുകള്‍ വരെ ചാര്‍ജ് ചെയ്യാറുണ്ടെങ്കിലും ഒന്നിലും തന്നെ ശിക്ഷ ലഭിക്കാറില്ല. തൊണ്ടിമുതല്‍ തിരികെ കിട്ടായാല്‍ ആഭരണവും പണവും നഷ്ടപ്പെട്ടവര്‍ കേസില്‍ നിന്ന് പിന്മാറുന്നതും പതിവാണ്.
നഷ്ടപരിഹാരം നല്കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ നാടോടി സംഘങ്ങള്‍ക്കൊപ്പം അധോലോകവുമുണ്ട്. മോഷണക്കേസുകളില്‍ പിടിയിലാകുന്നവരെ ജാമ്യത്തിലിറക്കാൻ ചില അഭിഭാഷകരും ജാമ്യക്കാരും സജീവമാണ്. ബസുകളില്‍ സിസിടിവി കാമറകള്‍ വന്നതോടെ നാടോടികള്‍ ബസ് സ്റ്റാന്‍ഡിലും തിരക്കേറിയ സ്ഥലങ്ങളിലുമാണ് മോഷണം പതിവാക്കിയിരിക്കുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അന്‍പതു മോഷണക്കേസുകളില്‍ വരെ പ്രതിപ്പട്ടികയില്പെട്ടവര് ഇക്കൂട്ടത്തിലുണ്ട്.
കോടതികള്‍ വിചാരണ വാറൻഡ് പുറപ്പെടുവിച്ചാല്‍ പ്രതികളെ കണ്ടെത്തുക പ്രായോഗികമല്ല. അറസ്റ്റിലായാല്‍ പ്രതികള്‍ പോലീസില്‍ നല്കുന്ന വിലാസം വ്യാജവും അപൂര്‍ണവുമായിരിക്കും. ഒരിടത്തും സ്ഥിരമായി താമസിക്കാത്തതിനാല്‍ ഇവരെ ശിക്ഷിക്കുക പ്രായോഗികമല്ല. തന്ത്രപരമായ ആസൂത്രണത്തിലൂടെയാണ് നാടോടികള്‍ നിലവില്‍ മോഷണം നടത്തുന്നത്. രണ്ടും മൂന്നും സ്ത്രീകളും ഇവരുടെ സഹായികളായി പുരുഷന്മാരും സംഘത്തിലുണ്ടാകും.
ബസുകളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും പുരുഷന്മാര് വഴക്കുണ്ടാക്കുന്നതായി അഭിനയിക്കും. ഈ സമയം ഇവിടേക്ക് ശ്രദ്ധിക്കുന്ന ഇരകളുടെ പണവും ആഭരണവും നിമിഷനേരം കൊണ്ട് സ്ത്രീകള്‍ കവരുകയും അപ്പോള്‍തന്നെ സംഘത്തിലുള്ള മറ്റൊരു സ്ത്രീക്ക് കൈമാറുകയും ചെയ്യുകയാണ് പതിവ്. മോഷണത്തിനുശേഷം സംഘം പല വാഹനങ്ങളില്‍ സ്ഥലം വിടുകയും പിന്നീട് ഒന്നിച്ചു ചേരുകയും ചെയ്യും. കഴിഞ്ഞ ദിവസം രാമപുരത്ത് വയോധികയുടെ മാല കവര്‍ന്ന സംഘം ഒരു മണിക്കൂറിനുള്ളില്‍ മൂന്നു വാഹനങ്ങള്‍ മാറി നാല്പതു കിലോമീറ്ററാണ് സഞ്ചരിച്ചത്.