പൊൻകുന്നം ജംഗ്ഷനിൽ ഡിവൈഡർ തിരിച്ചറിയാൻ അടയാള ബോർഡ്
1566728
Thursday, June 12, 2025 11:19 PM IST
പൊൻകുന്നം: ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നം ട്രാഫിക് ജംഗ്ഷനിൽ വൺവേകൾ തിരിച്ചറിയാൻ പുതിയ റിഫ്ളക്ടർ ബോർഡുകൾ സ്ഥാപിച്ചു. വൺവേ വേർതിരിക്കുന്ന ഡിവൈഡറുകളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ ഇടിച്ചുകയറി അപകടം പതിവായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ടൂറിസ്റ്റ് ബസും രണ്ടുകാറും ഇത്തരത്തിൽ അപകടത്തിൽ പെട്ടു.
റിഫ്ളക്ടർ ബോർഡുകൾ സ്ഥാപിച്ചതോടെ അപകടസാധ്യത കുറയും. രാത്രി വെളിച്ചത്തിന് കവലയിൽ വഴിവിളക്കുകളില്ലാത്തത് പ്രശ്നമാണ്. വാഹനങ്ങളുടെ വെളിച്ചം മാത്രമാണിപ്പോഴുള്ളത്. അതിനാൽ കാൽനടയാത്രികർ സഞ്ചരിക്കുന്നത് പലപ്പോഴും ഡ്രൈവർമാർക്ക് കാണാനാകില്ല. ഹൈമാസ്റ്റ് ലൈറ്റോ, മിനി മാസ്റ്റ് ലൈറ്റോ ട്രാഫിക് കവലയിൽ സ്ഥാപിക്കുക മാത്രമാണ് പോംവഴി.
സംസ്ഥാനപാതയിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡ് നാലായി തിരിയുന്നുണ്ട്. ഇവിടെത്തന്നെ സീബ്രാലൈനുമുണ്ട്. അതിനാൽ കാൽനടയാത്രികർ എപ്പോഴും റോഡ് മുറിച്ചുകടക്കുന്നതാണ്. കവലയിൽ വെളിച്ചമില്ലാത്തത് ഇവരെ അപകടത്തിലാക്കും.