സ്വച്ഛ് ഭാരത്: എരുമേലി ടൗണും പരിസരവും എൻസിസി കേഡറ്റുകൾ ശുചീകരിച്ചു
1566727
Thursday, June 12, 2025 11:19 PM IST
എരുമേലി: സ്വച്ഛ് ഭാരത് അഭിയാൻ, പുനീത് സാഗർ അഭിയാൻ എന്നിവയുടെ ഭാഗമായി 16 കേരള എൻസിസി ബറ്റാലിയൻ കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ എരുമേലി ടൗണും പരിസരവും ശുചീകരിച്ചു. എരുമേലി വലിയമ്പലം, കെഎസ്ആർടിസി സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടന്ന ശുചീകരണത്തിൽ നൂറോളം കേഡറ്റുകൾ പങ്കെടുത്തു. ക്യാമ്പ് കമാൻഡന്റ് കേണൽ പി. ശ്രീനിവാസൻ നേതൃത്വം നൽകി. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, പഞ്ചായത്തംഗം ലിസി സജി തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച യുവത്വത്തിനെ വാർത്തെടുക്കുന്നതിനും രാജ്യസേവനത്തിന് അവരെ പ്രാപ്തരാക്കുന്നതിനുമുള്ള മഹത്തായ ലക്ഷ്യവുമായി എരുമേലി എംഇഎസ് കോളജിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന സംയുക്ത വാർഷിക പരിശീലന ക്യാമ്പിന് ഏഴിനാണ് തുടക്കം കുറിച്ചത്. അസോസിയേറ്റ് എൻസിസി ഓഫീസർമാരായ സാബ്ജാൻ യൂസഫ്, ജെയ്മോൻ, രാജീവ് ജോസഫ്, ഗോപകുമാർ, ഫിൽമോൻ, സോണി തോമസ്, സുബേദാർ മേജർ സുനിൽ കുമാർ, സുബേദാർ ശ്രീകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ കേഡറ്റുകൾക്ക് പരിശീലനം നൽകി വരുന്നു.
ക്യാമ്പിന്റെ ഭാഗമായി കോട്ടയം എൻസിസി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ ബറ്റാലിയനുകളിൽ നിന്ന് 2027ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കേണ്ട കേഡറ്റുകളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ പരേഡും നടത്തി. 16ന് സംയുക്ത വാർഷിക പരിശീലന ക്യാമ്പ് സമാപിക്കും.