കൊക്കയാർ വില്ലേജ് ഓഫീസ് നിർമാണത്തിൽ അഴിമതിയെന്ന്; കോൺഗ്രസ് പരാതി നൽകി
1566726
Thursday, June 12, 2025 11:19 PM IST
കൊക്കയാർ: പുതിയ വില്ലേജ് ഓഫീസ് നിർമാണത്തിൽ വൻ അഴിമതിയെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. മൂന്ന് വർഷം മുമ്പ് നിർമാണം ആരംഭിച്ച വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
പീരുമേട് നിയോജക മണ്ഡലത്തിൽ ഇതേ പദ്ധതിക്ക് കൊക്കയാർ കൂടാതെ മഞ്ചുമല, ഉപ്പുതറ, പീരുമേട് തുടങ്ങിയ വില്ലേജുകൾക്കും 44 ലക്ഷം രൂപ അനുവദിക്കുകയും ഇതിനേക്കാൾ വിസ്തൃതിയിൽ നിർമാണം പൂർത്തീകരിച്ച് മഞ്ചുമല വില്ലേജ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞു. ഉപ്പുതറയും പീരുമേടും നിർമാണം അവസാന ഘട്ടത്തിലാണ്. മറ്റു വില്ലേജുകൾ ഇതേ തുകയ്ക്ക് ഇതിനേക്കാൾ ഭംഗിയായി കൂടുതൽ വിസ്താരത്തിൽ നിർമാണംപൂർത്തിയാക്കിയപ്പോൾ കൊക്കയാർ വില്ലേജ് ഓഫീസിന് പത്ത് ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടത് അഴിമതിയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
വില്ലേജ് ഓഫീസ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും നിർമാണം ഉടൻ പൂർത്തീകരിക്കുവാൻ അടിയന്തരമായി ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ കളക്ടർക്ക് കോൺഗ്രസ് നേതാക്കൾ പരാതി നൽകി. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുവാൻ യോഗം തീരുമാനിച്ചു.
സണ്ണി തുരുത്തിപ്പള്ളി അധ്യക്ഷത വഹിച്ചു. സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ഓലിക്കൽ സുരേഷ്, സ്വർണലത അപ്പുക്കുട്ടൻ, അയൂബ്ഖാൻ കട്ടപ്ലാക്കൽ, ബെന്നി സെബാസ്റ്റ്യൻ, കെ.എച്ച്. തൗഫീക്, പി.വി. വിശ്വനാഥൻ, ഫ്രാൻസിസ് തോമസ്, സ്റ്റാൻലി സണ്ണി, ആഷിക് പരീത് തുടങ്ങിയവർ പ്രസംഗിച്ചു.