നിലയ്ക്കൽ എക്യുമെനിക്കൽ ദേവാലയത്തിൽ ദുക്റാന തിരുനാൾ ആചരണം 28 മുതൽ
1566725
Thursday, June 12, 2025 11:19 PM IST
പത്തനംതിട്ട: നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ വിശുദ്ധ മാർത്തോമ്മ ശ്ലീഹയുടെ ദുക്റാന തിരുനാൾ ആചരണം 28 മുതൽ ജൂലൈ മൂന്നുവരെ നടക്കും.
28നു രാവിലെ 7.30ന് തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. തുടർന്ന് കൊടിയേറ്റ്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സഭാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ദിവ്യബലി അർപ്പണം. 29നു രാവിലെ മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള കുർബാനയ്ക്ക് ഫാ. ആൻഡ്രൂസ് കടപ്പനങ്ങാട്ട് കാർമികത്വം വഹിക്കും. 11.30ന് മലങ്കര കത്തോലിക്കാ ക്രമത്തിൽ ഫാ. ഷൈജു മാത്യു ഒഐസി കുർബാന അർപ്പിക്കും. 30നു രാവിലെ 7.30ന് യാക്കോബായ സുറിയാനി സഭയുടെ ഫാ. എബി സ്റ്റീഫൻ കുർബാനയ്ക്കു കാർമികനാകും. പത്തിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രധാന കാർമികത്വത്തിൽ സീറോ മലബാർ ക്രമത്തിൽ കുർബാന.
ജൂലൈ ഒന്നിനു രാവിലെ ഒന്പതിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കുർബാന അർപ്പിക്കും. രണ്ടിനു രാവിലെ ഏഴിന് ഓർത്തഡോക്സ് സഭയുടെ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയും ഒന്പതിന് മാർത്തോമ്മ സഭയുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയും കുർബാന അർപ്പിക്കും. 12ന് സിഎസ്ഐ ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാന്റെ കാർമികത്വത്തിൽ കുർബാന.
സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിനു രാവിലെ ഒന്പതിന് ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ കാർമികത്വത്തിൽ കുർബാന. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസിനെ ആദരിക്കും. കൊടിയിറക്ക്, നേർച്ച വിളന്പ് എന്നിവയോടെ തിരുനാൾ സമാപിക്കും.