വ്യാജ ഒപ്പിട്ട് ക്വോറം തികച്ചെന്ന് പരാതി; പങ്കെടുത്ത 220 പേരെ വിളിച്ചുവരുത്തണമെന്ന് ഓംബുഡ്സ്മാൻ
1566724
Thursday, June 12, 2025 11:19 PM IST
എരുമേലി: വാർഡ് ഗ്രാമസഭയിൽ വ്യാജ ഒപ്പിട്ട് ക്വോറം തികച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഓംബുഡ്സ്മാൻ നിർദേശം. ഗ്രാമസഭയിൽ പങ്കെടുത്തതായി ഒപ്പിട്ട 220 പേരെ വിളിച്ചു വരുത്തി ബോധ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. എരുമേലി പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയത്.
ഇന്നലെ കോട്ടയത്ത് നടന്ന ഓംബുഡ്സ്മാൻ സിറ്റിംഗിലാണ് നിർദേശം. എരുമേലിയിലെ ശ്രീനിപുരം വാർഡിൽ 2023 മേയ് 28ന് നടന്ന ഗ്രാമസഭ സംബന്ധിച്ചാണ് ഓംബുഡ്സ്മാനിൽ ഹർജി ലഭിച്ചത്. ഇത് സംബന്ധിച്ച് ഇന്നലെ നടന്ന സിറ്റിംഗിൽ ശ്രീനിപുരം വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സെയ്തുമുഹമ്മദ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷാഫി, ഹർജിക്കാരൻ ബിജു വഴിപ്പറമ്പിൽ എന്നിവർ ഹാജരായിരുന്നു.
ഇവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ പേരെയും വിളിച്ചു വരുത്തി ഗ്രാമസഭയിൽ പങ്കെടുത്തത് സംബന്ധിച്ച് നിജസ്ഥിതി ബോധ്യപ്പെടാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ നിർദേശം നൽകിയത്. അടുത്ത സിറ്റിംഗ് അറിയിക്കുമെന്നും അതിന് മുമ്പ് ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനുമാണ് നിർദേശം.
ഗ്രാമസഭയിലെ ഹാജർ ബുക്കിൽ 149 വരെയുള്ളവർ പേരും വീട്ടുപേരും എഴുതിയാണ് ഒപ്പ് വച്ചിരിക്കുന്നതെന്നും ഇതിന് ശേഷം 220 വരെയുള്ള ഒപ്പുകൾ പേര് മാത്രം ആണെന്നും ഹർജിക്കാരൻ പറഞ്ഞു. ഈ ഒപ്പുകൾ വ്യാജമാണെന്നും വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിന് ഗ്രാമസഭയിൽ അംഗീകരിച്ച ലിസ്റ്റ് പത്ത് ദിവസം മുമ്പ് കരട് ലിസ്റ്റ് ആയി പ്രസിദ്ധീകരിക്കണമെന്ന ചട്ടം പാലിച്ചില്ലെന്നുമായിരുന്നു പരാതി.